മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തികസംവരണം യാഥാര്‍ഥ്യമായി, ആദ്യ റാങ്ക് പട്ടികയില്‍ നിന്ന് നിയമന ശുപാര്‍ശ നല്‍കി

post

* സാമ്പത്തിക സംവരണം ആദ്യം ലഭിക്കുന്നത് പട്ടികയിലെ ആറുപേര്‍ക്ക്

തിരുവനന്തപുരം : മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പൊതുതൊഴിലില്‍ സംസ്ഥാനത്ത് സംവരണം ദേവസ്വം നിയമനത്തിലൂടെ യാഥാര്‍ഥ്യമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ ആറു ഉദ്യോഗാര്‍ഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നല്‍കി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ക്ക് ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കാം.

ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ 169 പേരാണുള്ളത്. പട്ടികയില്‍ 38 പേര്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സംവരണത്തിന് അര്‍ഹതയുള്ളവരുമാണ്. സപ്ലിമെന്ററി ലിസ്റ്റില്‍ 17 പേര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരാണ്. നിലവിലുള്ള 64 ഒഴിവുകളിലേക്ക് സംവരണ വ്യവസ്ഥ പ്രകാരം 12 ഈഴവ സമുദായക്കാരെയും ആറു പട്ടികജാതിക്കാരെയും ഒരു പട്ടികവര്‍ഗക്കാരനെയും ഒരു വിശ്വകര്‍മജനെയും ഒരു ധീവര സമുദായംഗത്തെയും നിയമന ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ ഭിന്നശേഷിക്കാരായ രണ്ടു ആളുകള്‍ക്കും ഒരു വിമുക്തഭടനും സംവരണം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായും ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ആദ്യമായുമാണ് സാമ്പത്തിക സംവരണ ആനുകൂല്യം നേടി മുന്നാക്കവിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്ന ആളിന് ജോലി ലഭിക്കുന്നത്.  ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടെ വിവിധ സംവരണങ്ങള്‍ പുതുതായി നിര്‍ദേശിച്ച് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ശുപാര്‍ശ 2017 നവംബര്‍ 15 ലെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് ബോര്‍ഡ് ഉദ്യോഗങ്ങളില്‍ 10 ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. എന്നാല്‍ വീണ്ടും ഒരു വര്‍ഷം കഴിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. തുടര്‍ന്ന് സാമ്പത്തിക സംരവണം നടപ്പാക്കാന്‍ ഉത്തരവായശേഷം മാനദണ്ഡങ്ങള്‍ രൂപീകരിച്ച് 2019 നവംബര്‍ 18നാണ് വിജ്ഞാപനമായത്. ഇതുപ്രകാരം രേഖകള്‍ പരിശോധിച്ചാണ് തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് റാങ്ക്പട്ടിക തയാറാക്കിയത്.

അപേക്ഷകന്‍ പ്രതിവര്‍ഷം മൂന്നുലക്ഷത്തിലധികം വരുമാനമുള്ള കുടുംബത്തില്‍പ്പെട്ട ആളാകരുത് എന്നതാണ് സാമ്പത്തികസംവരണത്തിനുള്ള പ്രധാന മാനദണ്ഡം. അപേക്ഷകന്റെ കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുണ്ടാകരുത്. അപേക്ഷകന്റെ കുടുംബാംഗങ്ങള്‍ ആരും ഇന്‍കം ടാക്‌സ് അടയ്്ക്കുന്നവരാകരുത്. കുടുംബത്തിലുള്ളവര്‍ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സഹകരണ/ സര്‍ക്കാര്‍ സാമ്പത്തികസഹായം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിയുള്ളവരാകരുത് എന്നിവയാണ് മറ്റ് മാനദണ്ഡങ്ങള്‍. ശാന്തിനിയമനങ്ങളില്‍ നിലവിലുള്ള പട്ടികവിഭാഗങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.  ദേവസ്വം നിയമനങ്ങളില്‍ അഴിമതി ഒഴിവാക്കാന്‍ സുതാര്യമായാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലൂടെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതെന്നും ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത ആരെങ്കിലും സമീപിച്ചാല്‍ അത്തരം ചതിക്കുഴികളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: എം. രാജഗോപാലന്‍ നായര്‍, അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍ എന്നിവരും സംബന്ധിച്ചു.