അടുത്ത വര്‍ഷം കേരളം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

post

* സംസ്ഥാന ക്ഷീരവികസന സംഗമം  ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  അടുത്ത വര്‍ഷത്തോടെ കേരളം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന ക്ഷീരവികസന സംഗമത്തിന്റേയും ആനന്ദ് മാതൃക സഹകരണ പ്രസ്ഥാനത്തിന്റെ നാല്പതാം വാര്‍ഷികത്തിന്റെയും ഉദ്ഘാടനം കനകക്കുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും വില നല്‍കി പാല്‍ സംഭരിക്കുന്നത് കേരളത്തിലാണ്. ക്ഷീര രംഗത്ത്് സഹകരണ മേഖലയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പാലില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുകയും വില്‍പന വ്യാപകമാക്കുകയും വേണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ക്ഷീരവികസന മന്ത്രി കെ.രാജു പറഞ്ഞു.
സേവന മേഖലയിലെന്നപോലെ ഉത്പാദന മേഖലയിലും കേരളം മുന്നേറ്റം നടുത്തുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ, മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിടാരി പാര്‍ക്ക് ധനസഹായ വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉത്പാദനമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ക്ഷീരകര്‍ഷക സംഗമം സ്മരണികയുടെ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. ലൈവ് സ്റ്റോക്ക് ഷോയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കര്‍ഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആളായിരുന്നു ഡോ. വര്‍ഗീസ് കുര്യനെന്ന് മകള്‍ നിര്‍മ്മല കുര്യന്‍ അനുസ്മരിച്ചു. ചടങ്ങില്‍ നിര്‍മ്മല കുര്യനെ ആദരിച്ചു. ക്ഷീരമേഖലയിലെ വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, സി.കെ.ഹരീന്ദ്രന്‍, ക്ഷീര കര്‍ഷക ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ ,ക്ഷീര വികസ വകുപ്പ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.