അതിര്‍ത്തി മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് സംയുക്ത പരിശോധന നടത്തും: ടീക്കാറാം മീണ

post

  • സെപ്റ്റംബറില്‍ 18 പൂര്‍ത്തിയാക്കുന്നവരെ പട്ടികയില്‍ ചേര്‍ക്കും
    ഇടുക്കി : സെപ്റ്റംബറില്‍ 18 വയസ്സ് പൂര്‍ത്തിയാക്കുന്നവരെ കണ്ടിന്യൂവസ് റിവിഷനിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കും. അതിര്‍ത്തി മണ്ഡലങ്ങളായ ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് ഇടുക്കി തേനി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തുമെന്നും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ. തേക്കടി കെറ്റിഡിസി പെരിയാര്‍ ഹൗസില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
     വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്ന നടപടികള്‍ക്ക് സുതാര്യത വേണം. പേര് ഒഴിവാക്കുന്നതിന്റെ കാരണം ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. നോട്ടീസ് നല്‍കി കക്ഷിയുടെ ഭാഗം കേള്‍ക്കണം. ഇത് രണ്ടും വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. പോളിങ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ പരിശോധന ഉടന്‍ ആരംഭിക്കണം. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കണം. വിഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുളള സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്തണം. ആവശ്യപ്പെടുന്ന വിഭിന്ന ശേഷിക്കാര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണം. നൂറ് വയസ്സ് കഴിഞ്ഞ വയോധികര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ സമീപമെത്തി വോട്ട് സീകരിക്കാന്‍ നടപടി ഉണ്ടാകണം. ബിഎല്‍ഒമാരുടെ പ്രതിഫലം 12000 രൂപയായി ഉയര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കും. ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരെ നിയമിക്കാന്‍ രാഷ്ട്രയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കും. ജില്ലാ തലത്തില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ച് പരാതികള്‍ സ്വീകരിച്ച് പരിഹരിക്കാന്‍ നടപടി ഉണ്ടാകണം.
    കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ നേതൃത്യത്തില്‍ പൂര്‍ത്തിയാക്കിയ തെരഞ്ഞെടുപ്പ് പ്രകിയ മികച്ചതും കമ്മീഷന്റെ വരെ പ്രശംസ നേടിയതാണെന്നും അഭിനന്ദിക്കുന്നുവെന്നും സി ഇ ഒ പറഞ്ഞു. തെരെഞ്ഞടുപ്പില്‍ നൂതനമായതും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തിക്കുന്നവരുടെ വിവരം കമ്മീഷന്റെ മാഗസിനില്‍ പ്രസിദ്ധീകരിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് വിദേശയാത്ര ഉള്‍പ്പെടെയുള്ള പാരിതോഷികം നല്‍കും. തെരഞ്ഞെടുപ്പ് ജോലിയില്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയും സ്വീകരിക്കും. ജില്ലയിലെ അതിര്‍ത്തി മണ്ഡലങ്ങളിലുണ്ടായിരുന്ന  വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് തമിഴ്‌നാട് സി ഇ ഒ 70 എണ്ണം പരിഹരിച്ചിട്ടുണ്ട്. ഏതാനും കുറച്ചു പേരേക്കുടി രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയിട്ടുണ്ട്. സംയുക്ത പരിശോധനയില്‍ അതും പരിഹരിക്കും.കുട്ടനാട് തെരഞ്ഞെടുപ്പ്  എപ്പോള്‍ പ്രഖ്യാപിച്ചാലും നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് വിഭാഗം സജ്ജമാണെന്നും  സി.ഇ.ഒ പറഞ്ഞു. ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.എന്‍ രതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ , ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.