ജലവിതരണം സ്മാര്‍ട്ടാക്കാന്‍ 'വാട്ടര്‍ എഫിഷ്യന്റ് തൃശ്ശൂര്‍'

post

തൃശൂര്‍: മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ കുടിവെള്ളം ഏറ്റവും കാര്യക്ഷമവും സമയബന്ധിതവുമായി ആവശ്യക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാട്ടര്‍ എഫിഷ്യന്റ് പദ്ധതിയുമായി തൃശൂര്‍ കോര്‍പ്പറേഷന്‍. 4.21 കോടി ചിലവിലാണ് നടപ്പിലാക്കുന്നത്. ഇതിനായി ജി പി എസ് സര്‍വ്വേയിലൂടെ 18000 ജല ഉപഭോക്താക്കളെ ടാഗ് ചെയ്തു. കോര്‍പ്പറേഷനിലെ പഴയ മുനിസിപ്പല്‍ പ്രദേശത്താണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. ശുദ്ധജല ശോഷണവും ജല മോഷണവും കണ്ടെത്തുക, ജല വിതരണ ശൃംഖല കൃത്യമായി മനസ്സിലാക്കുകയും, രേഖപ്പെടുത്തുകയും ചെയ്യുക എന്നിവ ഈ പദ്ധതിയിലൂടെ സാധ്യമാകും. ഭാവിയില്‍ എല്ലാ ജല വിതരണ മാര്‍ഗ്ഗങ്ങളും ആധുനിക രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും സാധിക്കും.

ഭൂമിക്കടിയിലുള്ള മുഴുവന്‍ പൈപ്പ് ലൈനുകളും മാപ്പ് ചെയ്യാനും ഡ്രോണ്‍ ഉപയോഗിച്ച് നിലവിലുള്ള കെട്ടിടങ്ങള്‍ മാര്‍ക്ക് ചെയ്യാനും ഇതിലൂടെ സാധ്യമാകും. കൂടാതെ ഐ ഓ ടി, സെന്‍സേര്‍സ് എന്നിവ ഉപയോഗിച്ച് പൈപ്പ് ലൈനിലെ പൊട്ടലുകള്‍ പെട്ടെന്ന് മനസ്സിലാക്കി നടപടികള്‍ എടുക്കാനും ജി പി എസ് ഉപയോഗിച്ച് നിലവിലുള്ള ഉപഭോക്താക്കളുടെ കെട്ടിടങ്ങള്‍ രേഖപ്പെടുത്താനും ഇതിലൂടെ കഴിയും.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വാട്ടര്‍ എഫിഷ്യന്റ് പദ്ധതിയിലൂടെ പഴയ മുനിസിപ്പല്‍ പരിധിയിലുള്ള ജല വിതരണം കാര്യക്ഷമമാക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. എട്ടുമാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവര്‍ത്തന ചുമതല.