പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയില്‍ ശിശുദിനാഘോഷം

post

പത്തനംതിട്ട :ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 130ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  കളക്ടറേറ്റിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മുന്നില്‍ നിന്നും ആരംഭിച്ച ശിശുദിന റാലി നഗരത്തിലൂടെ കടന്ന് തൈക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ സമാപിച്ചു. റാലിക്ക് മുന്നോടിയായി കളക്ടറേറ്റിന് മുന്നില്‍ ജില്ലാ പോലീസ്  മേധാവി ജി.ജയദേവ് പതാക ഉയര്‍ത്തി. ശിശുദിന റാലി എ.ഡി.സി ജനറല്‍ കെ.കെ വിമല്‍രാജ് ഫ്‌ളാഗ്ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ശിശുദിന റാലിയില്‍ എന്‍.സി.സി, എസ്.പി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ് കേഡറ്റുകളും ജില്ലയിലെ വിവിധ വിദ്യാലങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.

  തുടര്‍ന്ന് തൈക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനം ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ 'കുട്ടികളുടെ പ്രധാനമന്ത്രി' ജിയാ സാറാ റെജി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള അവകാശമല്ലെന്നും മറ്റുള്ളവരെ മാനിച്ച് വേണം സ്വാതന്ത്ര്യം ഉള്‍ക്കൊള്ളേണ്ടതെന്നും  കുട്ടികളുടെ പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ നാടിന്റെ വരദാനമാണെന്നും മനുഷ്യത്വം, ദയ എന്നിവയില്‍ ഊന്നി വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തില്‍ ഇടപെടാന്‍ കഴിയണമെന്നും കുട്ടികളുടെ പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ സ്പീക്കര്‍ പി.ബി അരവിന്ദ് അധ്യക്ഷത വഹിച്ചു. 

ജില്ലാ കളക്ടര്‍ പി.ബി നൂഹ് ശിശുദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോഴേ അതിന്റെ വില മനസിലാകൂവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലപാകുന്നതില്‍ നെഹ്‌റു നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നും കുട്ടികളെ സ്‌നേഹിച്ച നെഹ്‌റുവിന്റെ ജീവിത സന്ദേശം എല്ലാവരും ഉള്‍കൊള്ളണമെന്നും ജില്ലാ കളക്ടര്‍ ശിശുദിന സന്ദേശത്തില്‍ പറഞ്ഞു. വിമുക്തി ബാഡ്ജിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വ്വഹിച്ചു.

ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ ടി.കെ.ജി നായര്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ എന്‍.കെ മോഹന്‍കുമാര്‍, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടി ജി.പൊന്നമ്മ, വിദ്യാര്‍ഥികളായ എസ്. ലക്ഷ്മിനന്ദ, അലീന ജോണ്‍സണ്‍, അനന്യ.എസ്.ലാല്‍, സ്‌നേഹാ എസ്.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കായുള്ള സമ്മാനദാനം എ.ഡി.സി ജനറല്‍ കെ.കെ.വിമല്‍രാജ്, പ്രൊഫസര്‍ കെ.മോഹന്‍കുമാര്‍, രാജന്‍ ബാബു, സജി വിജയകുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനം, ലളിതഗാനം തുടങ്ങിയ പരിപാടികളും അരങ്ങേറി.