പരാതികള്‍ പരിഹാരിക്കാന്‍ കളക്ടറെത്തി; തീര്‍പ്പാക്കിയത് 38 പരാതികള്‍

post

ഇടുക്കി: ജില്ലയിലെ പരാതി പരിഹാരത്തിന് പുതിയ പ്രതീക്ഷയാകുന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' നെടുംങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ നടത്തിയപ്പോള്‍ നിരവധി  അപേക്ഷകര്‍ക്കാണ് ആശ്വാസമായത്. ജനങ്ങളുടെ പരാതി താലൂക്ക് തലത്തില്‍  പരിഹരിക്കാനാണ് സഫലം പദ്ധതി. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ അടക്കം നിരവധി പ്രശ്‌നങ്ങള്‍ അദാലത്തുകളിലൂടെ എത്രയും വേഗം പരിഹരിക്കുകയാണ്് ലക്ഷ്യമെന്നും അദാലത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

ഉടുമ്പന്‍ചോല താലൂക്കില്‍ ഓണ്‍ലൈനായി 41 പരാതികളാണ് ലഭിച്ചത്. ഇതില്‍ 38 പരാതികളും തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ തുടര്‍ നടപടികള്‍ക്കായി കൈമാറി. 15 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് 31 പരാതികളും പഞ്ചായത്ത് - 3, കെഎസ്ഇബി - 3, ലീഡ് ബാങ്ക്, അക്ഷയ, ലൈഫ് മിഷന്‍, പോലീസ് ഡിപ്പാര്‍ട്‌മെന്റുകളുമായി ബന്ധപ്പെട്ട് ഒരോ പരാതികള്‍ വീതവുമാണ് അദാലത്തില്‍ ലഭിച്ചത്. വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയ പ്രശ്‌നം, സര്‍വ്വേ - റീസര്‍വ്വേ നടപടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്. 

അദാലത്തില്‍ പ്രത്യേക കൗണ്ടര്‍ വഴി നേരിട്ടും പരാതികള്‍ സ്വീകരിച്ചു. ഇത്തരത്തില്‍ ലഭിച്ച 38 പരാതികള്‍ അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. നേരിട്ട് കിട്ടിയ പരാതികള്‍ അദാലത്തിലെ അക്ഷയ കൗണ്ടര്‍ വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്തു.

പരാതിക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കളക്ടറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ആര്‍.ഡി.ഒ. അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) സാബു കെ. ഐസക്ക്, ഡെപ്യുട്ടി കളക്ടര്‍ (ആര്‍.ആര്‍.) അലക്‌സ് ജോസഫ്, തഹസില്‍ദാര്‍ നിജു കുര്യന്‍, ക്രൈംബ്രാഞ്ച് ഡി.വൈഎസ്.പി. പയസ് ജോര്‍ജ്ജ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.