ദുരിതത്തിന് അറുതി: അരക്കൊപ്പം വെള്ളത്തില്‍ നീന്തിയവര്‍ക്ക് ഇനി റോഡിലൂടെ നടക്കാം

post

തൃശൂര്‍ : മഴക്കാലത്ത് അരക്കൊപ്പം വെള്ളത്തില്‍ നീന്തി മറുകരയെത്തിയവരുടെ ദുരിതത്തിന് അറുതി. ശ്രീനാരായണപുരത്തെ വെഴവന പ്രദേശവാസികള്‍ക്കാണ് സുരക്ഷിതമായ റോഡ് എന്ന സ്വപ്നം സാധ്യമായത്. വര്‍ഷക്കാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്ന തോടിന്റെ അരികിലൂടെ ഒരു നടവഴിമാത്രമായിരുന്നു പരിസരവാസികള്‍ക്ക് സഞ്ചരിക്കാന്‍ ഏക ആശ്രയം. കൊച്ചു കുട്ടികളോട് കൂടിയുള്ള യാത്ര പലപ്പോഴും അപകടം ക്ഷണിച്ച് വരുത്താറുമുണ്ട്. ഈ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെട്ട എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 42.15 ലക്ഷം റോഡ് നിര്‍മ്മാണത്തിനായി അനുവദിക്കുകയായിരുന്നു. തോടിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് കട്ടിയുള്ള സ്ലാബ് വാര്‍ത്താണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ റോഡ് ഉദ്ഘാടനം ചെയ്തു. എസ് എന്‍ പുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ജിഷ നിധീഷ്, സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.