വിരവിമുക്തിദിനം: 7.11 ലക്ഷം കുട്ടികള്‍ക്ക് വിരക്കെതിരെ ഗുളിക നല്‍കും

post

തൃശൂര്‍ :  ദേശീയ വിരവിമുക്തി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളും അങ്കണവാടികളും വഴി ഒന്നു മുതല്‍ 19 വരെ വയസുള്ള  711561 കുട്ടികള്‍ക്ക് വിരക്കെതിരെ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ തോളൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. തോളൂര്‍  ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകല കുഞ്ഞുണ്ണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന,  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

       പൊതുശുചിത്വ നിലവാരത്തിന്റെയും ശുചിത്വ ശീലങ്ങളുടെയും അപര്യാപ്തത മൂലം നമ്മുടെ നാട്ടില്‍ മണ്ണിലൂടെ പകരുന്ന വിരശല്യം സര്‍വസാധാരണമാണ്. ഇത് ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണ്. വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് ആഹാരം കഴിക്കുമ്പോഴും കളികളില്‍ ഏര്‍പ്പെടുമ്പോഴും ശുചിത്വമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോഴും ശരീരത്തില്‍ വിരകള്‍ ധാരാളമായി പ്രവേശിക്കുന്നുണ്ട്.  ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ആഹാരത്തിലെ പോഷകമൂല്യത്തിന്റെ വലിയൊരു അളവ് ചോര്‍ത്തിയെടുക്കുന്നത് മൂലം കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തില്‍ ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയവ അനുഭവപ്പെടുന്നു. ഇതവരുടെ  പഠനത്തെയും കായികപ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും ചെയ്യും. വിരബാധ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നത് അവരുടെ ശാരീരിക, മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

ശുചിത്വ ശീലങ്ങള്‍ കര്‍ശനമായി  പാലിക്കുകയും ആറ് മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി. വിരശല്യം മുഖ്യമായും കുട്ടികളെ ബാധിക്കുന്നതിനാല്‍ എല്ലാ കുട്ടികളും ഈ ഗുളികകള്‍ ഒരേ ദിവസം കഴിക്കുമ്പോള്‍ കുട്ടികളുടെ വിസര്‍ജ്ജ്യത്തില്‍ വിരകളുടെയും, വിരമുട്ടകളുടെയും സാന്ദ്രത ഇല്ലാതാകുകയും, മണ്ണിലുള്ള വിരസാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വിരവിമുക്ത ദിനം ആചരിച്ചു കൊണ്ട് ഒന്നു മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരേ ദിവസം തന്നെ വിരക്കെതിരെയുള്ള ഗുളികകള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത്.