തകര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് കയര്‍ വ്യവസായത്തെ ഉയര്‍ത്തണം : ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : വ്യാവസായികപരമായി തകര്‍ച്ചയിലേക്കുപോയ കയര്‍ വ്യവസായത്തെ  വളര്‍ച്ചയിലേക്ക് ഉയര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.  കുമ്പഴ ഹോട്ടല്‍ ഹില്‍ പാര്‍ക്കില്‍ കൊല്ലം കയര്‍ വികസന വകുപ്പ് സംഘടിപ്പിച്ച മണ്ണ് ജല സംരക്ഷണത്തിനും റോഡ് നിര്‍മ്മാണത്തിനും കയര്‍ ഭൂവസ്ത്ര വിതാനം എന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. 

കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. ഇതിലൂടെ കയറുമായി ബന്ധപ്പെട്ട ജോലിയിലൂടെ ജീവിത മാര്‍ഗം കണ്ടെത്തുന്ന കുടുംബങ്ങള്‍ക്ക് വരുമാനം ഉയര്‍ത്തുവാന്‍ സാധിക്കും.  മണ്ണൊലിപ്പ് മൂലം ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും കയര്‍ ഭൂവസ്ത്ര വിതാനം ഉപകാരപ്രദമാണ്. ഈ പദ്ധതിയിലൂടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി കണ്ടെത്താന്‍ സാധിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

ഭജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂവസ്ത്രം വിതാനം ചെയ്ത പഞ്ചായത്തുകള്‍ക്ക് ജില്ലാ കളക്ടര്‍ പുരസ്‌കാരം നല്കി. ബ്ലോക്ക് തലത്തില്‍ പറക്കോട് ബ്ലോക്കും ഗ്രാമപഞ്ചായത്ത് തലത്തില്‍ പള്ളിക്കല്‍, കൊടുമണ്‍, ചെന്നീര്‍ക്കര പഞ്ചായത്തുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. 2019 20 സാമ്പത്തിക വര്‍ഷത്തില്‍ കയര്‍ ഭൂവസ്ത്രത്തിനായി ഏറ്റവും കൂടുതല്‍ തുക പ്രോജക്റ്റ് സമര്‍പ്പിച്ച പെരിങ്ങര ഗ്രാമപഞ്ചായത്തും പുരസ്‌കാരം ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ മിനി ശ്യാംമോഹന്‍ അധ്യക്ഷത വഹിച്ചു. കയര്‍ വികസന അഡീഷണല്‍ ഡയറക്ടര്‍ തോമസ് ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സാമുവല്‍ എസ് തോമസ്,  ലിസിയാമ്മ സാമുവല്‍, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്‍. ഹരി, കയര്‍ പ്രോജക്ട് ഓഫീസര്‍ ഇ.ബെനഡിക്ട് നിക്‌സണ്‍, വി.അശോകന്‍ എന്നിവര്‍ സംസാരിച്ചു. 

  സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ ചന്ദ്രന്‍, ടെക്‌നിക്കല്‍ സര്‍വീസ് പ്രൊവൈഡര്‍ ജ്യോതികുമാര്‍ എന്നിവര്‍ 'കയര്‍ ഭൂവസ്ത്ര വിതാനം' എന്ന വിഷയത്തിലും മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എന്‍. ഹരി 'തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര പദ്ധതിയും' എന്ന വിഷയത്തിലും സെമിനാറുകള്‍ അവതരിപ്പിച്ചു. 

ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, പി.ഡബ്ലിയു.ഡി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.