വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റില്‍ പുന:സംഘടന നടത്തും: മന്ത്രി അഡ്വ.കെ.രാജു

post

കൊല്ലം : കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും കൂടുതല്‍ സേവനം ലക്ഷ്യമാക്കിക്കൊണ്ട് വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ്  പുന:സംഘടന രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന, വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   1952ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ്  പുന:സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലം / താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ വെറ്ററിനറി പോളിക്ലിനിക്ക് ആരംഭിക്കുകയെന്നതും സര്‍ക്കാര്‍ ലക്ഷ്യമാണ്. ഇത്തരത്തില്‍ പോളിക്ലിനിക്കുകള്‍ അനുവദിക്കുന്ന വേളയില്‍ ചക്കുപള്ളത്തിന് മുന്തിയ പരിഗണന നല്കും. പ്രളയബാധിതമായ മൃഗ സംരക്ഷണ, ക്ഷീര സംരക്ഷണ മേഖലകളില്‍ പരമാവധി നഷ്ടം നികത്തി സഹായം നല്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായ വാത്തിക്കുടി പുറമറ്റത്ത് ബിനു വാസുദേവന്‍ ഉള്‍പ്പെടെയുള്ള മികച്ച ക്ഷീരകര്‍ഷകരെ മന്ത്രി അനുമോദിച്ചു.
 സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചക്കുപള്ളം ഗ്രാമപഞ്ചായത്തും സംയുക്തമായി 23 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മൃഗാശുപത്രി കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടന യോഗത്തിന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമം സതീഷ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സാജു ജോസഫ് പദ്ധതി വിശദീകരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ചാക്കോ, , ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി ബിജു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ലീലാമ്മ വര്‍ഗീസ്, തുളസി പ്രദീപ്, സുരേന്ദ്രന്‍ മാധവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി. കെ. ഫിലിപ്പ്, സാബു വയലില്‍, ആര്‍. രാജേഷ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വിജയമ്മ കൃഷണന്‍കുട്ടി,  ചക്കുപള്ളം  സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.പി.പാര്‍ത്ഥിപന്‍, ബ്ലോക്ക്  ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു. പുതിയ മൃഗാശുപത്രി കെട്ടിടത്തിന്റെ മുറ്റത്ത് മന്ത്രി മാവിന്‍ തൈയും നട്ടു.