വനിതകള്‍ക്ക് സ്വയംരക്ഷാപാഠങ്ങളുമായി വുമണ്‍സ് സെല്‍ഫ് ഡിഫന്‍സ്

post

തൃശൂര്‍:  സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സ്വയംരക്ഷാപാഠങ്ങളുമായി കേരളാ പൊലീസ്. സ്ത്രീകള്‍ക്ക് ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളില്‍ നിന്നും സ്വയരക്ഷ നേടുന്നതിന് കായികവും മാനസികവും സാമൂഹികവുമായ പ്രതിരോധ തന്ത്രങ്ങള്‍ അഭ്യസിപ്പിക്കുകയാണ് വുമണ്‍ സെല്‍ഫ് ഡിഫന്‍സ്. സംസ്ഥാനത്ത് ജനസംഖ്യയില്‍ പകുതിയിലധികവും സ്ത്രീകളായതിനാലും മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിവിധ മേഖലകളിലായി ജോലി ചെയ്യുന്നതിനാലും പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ധിച്ചു വരുന്നതിനാലുമാണ് വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു പദ്ധതിയ്ക്ക് തുടക്കമിട്ടത്.

ജില്ലയിലെ സിറ്റി, റൂറല്‍ പരിധികളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ എന്നിങ്ങനെ എല്ലാ സര്‍ക്കാര്‍, പൊതു മേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലനം നല്‍കി വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ പദ്ധതി പ്രകാരം നിയമിച്ചിട്ടുള്ള വനിതാ സി.ഐയുടെ മേല്‍നോട്ടത്തില്‍ പൊലീസ് ട്രെയിനിംഗ് കോളേജില്‍ നിന്നും പരിശീലനം ലഭിച്ച നാല് വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസേഴ്‌സിന്റെ നേതൃത്വത്തില്‍ എല്ലാ സ്ഥാപനങ്ങളിലും നേരിട്ട് ചെന്ന് സ്വയംരക്ഷാപാഠങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സുകള്‍ നല്‍കും. തുടര്‍ന്ന് മോഷണം, ശാരീരിക അതിക്രമം, ഗാര്‍ഹികപീഡനം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി സ്ത്രീകളും കുട്ടികളും നിത്യജീവിതത്തില്‍ അനുഭവിക്കുന്ന അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനായി കായിക പ്രതിരോധതന്ത്രങ്ങള്‍ പരിശീലിപ്പിക്കും.

ഏഴ് വയസ്സ് മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട് അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്കായി സിറ്റി, റൂറല്‍ സ്റ്റേഷന്‍ പരിധികളിലായി ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിലും, ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ വനിതാ പൊലീസ് സ്റ്റേഷനിലും സൗജന്യമായി സര്‍ട്ടിഫിക്കേറ്റോടുകൂടിയ 17 മണിക്കൂര്‍ പ്രതിരോധതന്ത്ര പരിശീലനവും മൂന്ന് മണിക്കൂര്‍ മനഃശാസ്ത്ര ക്ലാസ്സുകള്‍, നിയമപരിരക്ഷ, പോക്‌സോ ബോധവത്ക്കരണ ക്ലാസ്സുകള്‍ എന്നിവയും നടത്തി വരുന്നുണ്ട്.

2015 ല്‍ സംസ്ഥാനത്ത് 19 പൊലീസ് ജില്ലകളിലും ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സിറ്റി, റൂറല്‍ പരിധികളിലായി ഒന്നര ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. 2020 ല്‍ മാത്രം സിറ്റിയില്‍ 3435 പേര്‍ക്കും റൂറലില്‍ 4528 പേര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിനോടകം പദ്ധതിയുടെ ആവിഷ്‌ക്കരണ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ട്രെയ്ഡ് ഫെയറില്‍ കേരളാ പൊലീസ് വുമണ്‍സ് സെല്‍ഫ് ഡിഫന്‍സിന്റെ ഭാഗമായി അവതരിപ്പിച്ച പവല്ല്യണ്‍ ഡെമോണ്‍സ്‌ട്രേഷനുകള്‍ക്ക് പ്രത്യേക ബഹുമതിയും ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് പരിശീലന പരിപാടികള്‍ ആരംഭിച്ചത്.

സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം, ജില്ലാ പരിശീലന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലനം, ജില്ലാതല മാസ്റ്റര്‍ ട്രെയിനിംഗ് ക്യാമ്പ് എന്നിവയ്ക്കായി എല്ലാ ജില്ലകളിലും പ്രതിവര്‍ഷം 410,000 രൂപയുടെ പ്ലാന്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രണ്ട് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രണ്ട് ഗ്രാമപഞ്ചായത്തുകളെയും തിരകഞ്ഞെടുക്കുന്നതിനും എല്ലാവര്‍ക്കും സമ്പൂര്‍ണ്ണമായി പരിശീലനം നല്‍കുന്നതിനുമുള്ള നടപടികളും നടന്നു വരികയാണ്.