നാട്ടുപഴമയുടെ ഉത്സവത്തിന് കൊടിയേറി

post

തൃശ്ശൂര്‍: കേരളീയ കലാരൂപങ്ങള്‍ക്കും പരമ്പരാഗത കലാകാരന്‍മാര്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ഉത്സവം 2020ന് കൊടിയേറി. നാട്ടുപഴമ തുളുമ്പുന്ന കേരളീയ തനത് കലകളുടെ പകര്‍ന്നാട്ടം ഏഴ് ദിവസം നീണ്ട് നില്‍ക്കും. ജില്ലാതല ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ഇഎംഎസ് സ്‌ക്വയറില്‍ കെ. വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന പരിപാടിയായി പല്ലശ്ശന മഠത്തില്‍ ഭാസ്‌കരന്‍ മാസ്റ്ററും സംഘവും അവതരിപ്പിച്ച കണ്യാര്‍കളി അരങ്ങേറി. ഭാസ്‌കരന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, സ്റ്റാന്‍ഡിംങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ ദേവന്‍, കെ. വി. വിവിധ്, ടി. എസ്. ഷെനില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങളായ പി. വിജയകുമാര്‍, പി. എന്‍. പ്രേംകുമാര്‍, എം. ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിനോദ സഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍ സ്വാഗതവും ഡിടിപിസി സെക്രട്ടറി ഡോ. എ. കവിത നന്ദിയും പറഞ്ഞു. കളരിപ്പയറ്റ്, ചെണ്ടമേളം, കാക്കാരിശ്ശി നാടകം, ചരടു പിന്നിക്കളി, ശാസ്താംപാട്ട്, നാടന്‍ പാട്ട്, പൂരക്കളി, പൊറാട്ടുകളി, ചവിട്ടു കളി, ഓട്ടന്‍തുള്ളല്‍, പൂതനും തിറയും തുടങ്ങി വിവിധ നാടന്‍ കലാരൂപങ്ങളും ഗുരുവായൂരില്‍ അരങ്ങേറും. 

ഫെബ്രുവരി 28 വരെ നീളുന്ന പരിപാടി ഗുരുവായൂര്‍ ഇഎംഎസ് സ്‌ക്വയറിലും വിലങ്ങന്‍കുന്നിലുമായാണ് നടത്തുന്നത്. പടയണി, കോല്‍ക്കളി, തെയ്യം, ഭദ്രകാളിപാട്ട്, കണ്യാര്‍കളി, കളമെഴുത്ത് പാട്ട്, പുള്ളുവന്‍ പാട്ട്, തിരിയുഴിച്ചില്‍, തെയ്യാട്ട്, തോല്‍പാവകൂത്ത് തുടങ്ങി മറ്റ് കലാരൂപങ്ങള്‍ വിലങ്ങന്‍കുന്നില്‍ നടക്കും. ഉത്സവം 2020ന്റെ സമാപനം 28ന് വിലങ്ങന്‍കുന്നിലാണ് നടക്കുക.