ജില്ലാ ബഡ്‌സ്‌ഫെസ്റ്റ്: കുളനട ബി.ആര്‍.സി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

post

പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ ബഡ്‌സ്‌ഫെസ്റ്റ് ബ്ലോസം 2020 ല്‍ 51 പോയിന്റ് നേടി കുളനട ബി.ആര്‍.സി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും 41 പോയിന്റ് നേടി പള്ളിക്കല്‍ ബി.ആര്‍.സി റണ്ണര്‍ അപ്പും ആയി. ജില്ലാ ബഡ്‌സ്‌ഫെസ്റ്റ് ബ്ലോസം2020 ജില്ലാകളക്ടര്‍ പി.ബി.നൂഹ്  ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ അധ്യക്ഷ  റോസ്ലിന്‍ സന്തോഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, ജില്ലാശിശുസംരക്ഷണ ഓഫീസര്‍ നിതാദാസ്, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ  എ. മണികണ്ഠന്‍, എല്‍. ഷീല, കെ.എച്ച് സലീന  എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം പന്തളം നഗരസഭ അധ്യക്ഷ റ്റി.കെ.സതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്  പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ വിജയികളായ ബഡ്‌സ് / ബി.ആര്‍.സിയിലെ കുട്ടികള്‍ക്ക്  സമ്മാനദാനം നടത്തി.
പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേയ്ക്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിഭിന്ന ശേഷിയുള്ള കുട്ടികളുടെ മാനസിക  ബൗദ്ധിക വികാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ സാധ്യമാക്കുന്നതിനായി കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരംഭിച്ചിട്ടുള്ള കേന്ദ്രങ്ങളാണ് ബഡ്‌സ്/ ബി.ആര്‍.സി കള്‍. അഞ്ചു മുതല്‍ 16 വയസു വരെ  പ്രായമുള്ള കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂളുകള്‍ വഴി വിദ്യാഭ്യാസവും 17വയസിനു മുകളിലുള്ളവര്‍ക്ക് ബഡ്‌സ് പുനരിധിവാസ കേന്ദ്രങ്ങള്‍ മുഖേന പ്രദേശിക പുനരധിവാസവും തൊഴില്‍ പരിശീലനവും നല്‍കി വരുന്നു. ബഡ്‌സ്/ ബി.ആര്‍.സികളിലെ കുട്ടികളുടെ സര്‍ഗശേഷി  പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുമാണ്  ബഡ്‌സ്‌ഫെസ്റ്റ് സംഘടിപ്പിച്ചത്.