കാവില്‍പ്പാടം നിവാസികള്‍ക്കുള്ള പട്ടയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു

post

മലപ്പുറം : നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ കാവില്‍പ്പാടം നിവാസികളായ പാവപ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് പട്ടയം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു. വര്‍ഷങ്ങളായി താമസിക്കുന്ന  കാവില്‍പാടം നിവാസികള്‍ പട്ടയമില്ലാത്തതിനാല്‍  ആനുകൂല്യങ്ങള്‍ കിട്ടാതെ ഏറെ ദുരിതം അനുഭവിക്കുകയായിരുന്നു. പട്ടയത്തിനുവേണ്ടി 2013ല്‍ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ക്രയസര്‍ട്ടിഫിക്കറ്റിനും ഏറെ ബുദ്ധിമുട്ട് നേരിട്ടു. തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍  ഈ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും സാങ്കേതിക തടസം നീക്കുന്നതിനായി   റവന്യൂ ഭവന നിര്‍മാണ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ദേവസ്വം, റവന്യൂ ഉദ്യോഗസ്ഥര്‍, പ്രദേശത്തെ ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്നു പ്രശ്നം പരിഹരിക്കുകയായിരുന്നു.
മൂക്കുതല ജി.എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടന്ന  ചടങ്ങില്‍ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അബ്ദുള്‍ കരീം അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മുഖ്യാതിഥിയായി.  എല്‍.ആര്‍ ജൂനിയര്‍ സൂപ്രണ്ട് പി. എം മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.വി അബ്ദുട്ടി, അനിത ദിനേശന്‍, നന്നംമുക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ മണികണ്ഠന്‍, കെ മധുസൂദനന്‍, സുധാനാരായണന്‍, വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികളായ വി.വി കുഞ്ഞുമുഹമ്മദ്, പി.കെ അനില്‍കുമാര്‍, എം അജയ്ഘോഷ്, പ്രസാദ് പടിഞ്ഞാറെക്കര എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം ടി.സത്യന്‍ സ്വാഗതവും പഞ്ചായത്തംഗം ഉഷ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.