സംസ്‌കാരത്തെ സംരക്ഷിക്കാന്‍ ഡിടിപിസി ഉത്സവം വഴിയൊരുക്കും

post

പത്തനംതിട്ട :സാംസ്‌കാരിക ച്യുതിയില്‍ നിന്ന് നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ ഡിടിപിസി ഉത്സവം പോലുള്ള കലാവേദികള്‍ വഴിയൊരുക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഡിടിപിസി ഉത്സവം 2020 പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കേരളത്തിന്റെ തനതായ പല കലകളും അസ്തമിച്ചു കൊണ്ടിരിക്കുകയും കലാകാരന്മാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലഘട്ടമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. കല, സംഗീതം, സാഹിത്യം എന്നിവ നമ്മുടെ സമൂഹത്തിന്റെ മുതല്‍ക്കൂട്ടുകളാണ്. ഇതിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേരള ടൂറിസം വകുപ്പ് ഉത്സവം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പും പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് കേരളത്തിന്റെ തനത് നാടന്‍-ക്ലാസിക്കല്‍ ദൃശ്യകലാരൂപങ്ങള്‍ ഉത്സവം 2020 എന്ന പേരില്‍ സംഘടിപ്പിക്കുന്നത്.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്,  പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.ടി.രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗം കെ ബിജു,  ഡി റ്റി പി സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി.ഹര്‍ഷകുമാര്‍,  പഴകുളം പടിഞ്ഞാറ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍.സുരേഷ്, ഡിറ്റി പി സി സെക്രട്ടറി ആര്‍. ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു