ശബരിമല: ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

post

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഉത്സവകാലത്ത് ഉടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കും. 

പമ്പ മുതല്‍ സന്നിധാനം വരെയുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിച്ചു. ഫീല്‍ഡ് സ്റ്റാഫ്, ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് വിഭാഗത്തിലുള്ള ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായി. ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ആശുപത്രികള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. 16 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പമ്പ മുതല്‍ സന്നിധാനം വരെ 16-ാം തീയതി മുതല്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡിന്റെ പ്രവര്‍ത്തനം നാളെ തുടങ്ങും. പന്തളം വലിയകോയിക്കല്‍ താത്ക്കാലിക ആശുപത്രി നാളെ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഉണ്ടാകും. ജില്ലയിലെ 35 ആംബുലന്‍സുകള്‍ക്ക് പുറമേ 22 ആംബുലന്‍സുകള്‍ മറ്റ് ജില്ലകളില്‍ നിന്നും എത്തിയിട്ടുണ്ട്. ഇവയില്‍ 13 എണ്ണം 108 ആംബുലന്‍സുകളും നാലെണ്ണം എഎല്‍എസ് ആംബുലന്‍സുകളുമാണ്. 

പമ്പ, നിലയ്ക്കല്‍, എരുമേലി, ളാഹ, വടശേരിക്കര, പെരുനാട്, പന്തളം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ആംബുലന്‍സ് ഉണ്ടാവുക. പമ്പയില്‍ ചെളിക്കുഴി ഭാഗത്ത് ഒരു ആംബുലന്‍സ് ഉണ്ടാകും. ജനുവരി ഒന്ന് മുതല്‍ 14 വരെ താത്ക്കാലിക ഡിസ്‌പെന്‍സറി കരിമലയില്‍ പ്രവര്‍ത്തിക്കും. മല കയറുന്ന തീര്‍ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ ആറ് ഭാഷകളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കും. തീര്‍ഥാടന കാലത്ത് ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിരന്തര പരിശോധനകള്‍ നടത്തും. കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ ആരംഭിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിതയുടെ അധ്യക്ഷതയില്‍ പത്തനംതിട്ടയില്‍ അവലോകന യോഗം ചേര്‍ന്നു. 


സന്നിധാനത്ത് അന്നദാനം 16ന് വൈകിട്ട് ആരംഭിക്കും; ഒരേസമയം 2,500 പേര്‍ക്ക് അന്നദാനം 

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ അന്നദാന വിതരണം ഈ മാസം 16ന് വൈകിട്ട് ആരംഭിക്കും. ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഒരേസമയം 2,500 പേര്‍ക്ക് അന്നദാനത്തിന് സൗകര്യമുണ്ടായിരിക്കും. ഒരു ദിവസം 33,000 ഭക്തര്‍ക്ക് വരെ അന്നദാന വിതരണം നടത്താനാകും.  

അന്നദാനത്തിന് എത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും ഭക്ഷണം നല്‍കുവാനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. രാവിലെ ഏഴിന് ഉപ്പുമാവ്, കടല കറി, കരിപോട്ടി കാപ്പി, ഉച്ചയ്ക്ക് പൊന്നി പച്ചരി ചോറ്, അഞ്ച് കൂട്ടം കറി, വൈകിട്ട് നാട്ടരി കഞ്ഞി എന്നിവയാണ് പ്രധാനമായും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി 11ന് ആവശ്യക്കാര്‍ക്ക് ഉപ്പുമാവ് വിതരണം ചെയ്യും. സന്നിധാനത്ത് അന്നദാന വിതരണത്തിന് 200 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.              

പമ്പയിലെ അന്നദാനം 17ന് ആരംഭിക്കും; ഒരേസമയം ആയിരം പേര്‍ക്ക് അന്നദാനം

പമ്പയിലെ അന്നദാനം ഈ മാസം 17ന് ആരംഭിക്കും. പമ്പ അന്നദാന മണ്ഡപത്തില്‍ ഒരേസമയം ആയിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ രാത്രി 11 വരെയാണ് അന്നദാനം നടക്കുക. പ്രഭാത ഭക്ഷണം രാവിലെ ഏഴിനും ഉച്ചയ്ക്ക് ചോറും വൈകിട്ട് കഞ്ഞിയുമാണ് അന്നദാനത്തിനായി ഒരുക്കുന്നത്. ഒരു ദിവസം ശരാശരി ഒന്‍പതിനായിരം മുതല്‍ പതിനായിരം പേര്‍ക്ക് വരെ പമ്പയില്‍ അന്നദാനം വിതരണം ഉണ്ടാകും. 

കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും രാവിലേയും ഉച്ചയ്ക്കും ശരാശരി മൂവായിരം പേര്‍ വീതവും വൈകിട്ട് നാലായിരം പേരുമാണ് അന്നദാനത്തിനെത്തിയത്. നാല്‍പതോളം ജീവനക്കാര്‍ അന്നദാന വിതരണത്തിനായി സേവനത്തിനുണ്ടാകും.      

അന്നദാനം: നിലയ്ക്കലില്‍ മൂവായിരത്തോളം പേര്‍ക്ക് സൗകര്യം 

നിലയ്ക്കലിലെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം 17ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. രാവിലെ ഉപ്പ്മാവ്, കടല, ഉച്ചയ്ക്ക് ഊണ്, വൈകിട്ട് കഞ്ഞി,പയര്‍ എന്നിവയാണ് വിഭവങ്ങള്‍. ഒരേസമയം 400 പേര്‍ക്ക് അന്നദാനത്തിന് സൗകര്യമുണ്ട്. രാത്രി 11 വരെ അന്നദാന വിതരണം ഉണ്ടാകും. ഒരു ദിവസം ശരാശരി മൂവായിരത്തിലധികം പേര്‍ ഇവിടെ അന്നദാനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.