സഫലം 2020 : പരാതികള്‍ക്ക് പരിഹാരവുമായി താലൂക്ക് തല അദാലത്ത്

post

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയത് 149 പരാതികള്‍

 എറണാകുളം : പെരുമ്പാവൂര്‍  ദീര്‍ഘനാളായി പരിഹരിക്കാതെ കിടന്നിരുന്ന പരാതികള്‍ക്ക് പരിഹാരമേകി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കില്‍ സഫലം 2020 പരാതി പരിഹാര അദാലത്ത്. വിവിധ റവന്യൂ ഓഫീസുകളില്‍ തടസപ്പെട്ടു കിടന്നിരുന്ന 149 അപേക്ഷകള്‍ക്കും പരാതികള്‍ക്കുമാണ്  പെരുമ്പാവൂരില്‍ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിഹാരം നിര്‍ദേശിച്ചത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അദാലത്തുകളില്‍ രണ്ടാമത്തേതാണ് കുന്നത്തുനാട് താലൂക്ക് ആസ്ഥാനത്ത് നടന്നത്. കണയന്നൂരിലായിരുന്നു ആദ്യത്തേത്. മറ്റ് താലൂക്കുകളിലും ഉടനെ തന്നെ അദാലത്തുകള്‍ നടക്കും.

പരിഹാരം തേടി കളക്ടര്‍ക്ക് മുന്നിലെത്തിയ 192 പരാതികളില്‍ 149 എണ്ണം തീര്‍പ്പാക്കി. പുതുതായി ലഭിച്ച 43 പരാതികള്‍ അന്വേഷണത്തിനായി നല്‍കി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവയിലും തീരുമാനമെടുക്കും. കളക്ടറേറ്റില്‍ നിന്നും റവന്യൂ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തി നേരിട്ട് സേവനം നല്‍കുകയെന്ന ലക്ഷ്യവുമായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നീണ്ടുപോകാന്‍ പാടില്ല. പരാതികളുമായി ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകണം. താഴെത്തലം മുതല്‍ ഉദ്യോഗസ്ഥര്‍ മനസു വച്ചാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

കുന്നത്തുനാട്ടില്‍ ലഭിച്ച പരാതികളിലേറെയും സര്‍വെ സംബന്ധിച്ചായിരുന്നു.പട്ടയം സംബന്ധിച്ച പരാതികളും സമര്‍പ്പിക്കപ്പെട്ടു. പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതി നടപ്പിലാക്കിയാല്‍ വീടും പുരയിടവും നഷ്ടപ്പെടുമെന്ന പരാതിയുമായി ഒരു കുടുംബം എത്തിയിരുന്നു. ഇത് പരിശോധിച്ച് പരിഹാരം കാണാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗത്തിലേക്ക് കൈമാറി. വഴിതര്‍ക്കം, അതിര്‍ത്തി തര്‍ക്കം, ഇനം മാറ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലെ പരാതികളും തീര്‍പ്പാക്കി. ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വീട്, മരം വീണ് വീട് തകര്‍ന്നതിന് നഷ്ടപരിഹാരം, അനുവാദമില്ലാതെ വീടിന് മുന്നില്‍ കെ എസ് ഇ ബി സ്ഥാപിച്ച പോസ്റ്റ് മാറ്റി നല്‍കണം, വഴിയില്‍ അപകടകരമായ നില്‍ക്കുന്ന മരം വെട്ടി മാറ്റണം  തുടങ്ങിയ അപേക്ഷകള്‍ക്കും അദാലത്തില്‍ പരിഹാരമായി. അതിര്‍ത്തി വ്യത്യാസത്തെ തുടര്‍ന്ന് കരമൊടുക്കാന്‍ കഴിയാത്ത ഭൂമി, സര്‍വേ നമ്പറിലെ തെറ്റ്, പേര് മാറിയവ, വിസ്തീര്‍ണ്ണ വ്യത്യാസം, പുറമ്പോക്ക് ഭൂമി പട്ടയ ഭൂമി ഇനം മാറ്റം തുടങ്ങിയ വിഭാഗങ്ങളിലായി കെട്ടിക്കിടന്ന  പരാതികളും തീര്‍പ്പാക്കി. 

ലാന്‍ഡ് റെവന്യു ഡെപ്യൂട്ടി കളക്ടര്‍ പി.ബി.സുനിലാല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സഫലം നോഡല്‍ ഓഫീസര്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ.എം.എല്‍ദോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, കുന്നത്തുനാട് താലൂക്ക് തഹസില്‍ദാര്‍ വിനോദ് രാജ്,  ലാന്‍ഡ് റെവന്യു  തഹസില്‍ദാര്‍  പുഷ്പകുമാരി എന്നിവര്‍ പങ്കെടുത്തു.