ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണത്തിന് തുടക്കം

post

തൃശൂര്‍ : ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം  നവീകരണത്തിന് തുടക്കം. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കൃഷി മന്ത്രി അഡ്വ വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.  ജലസ്രോതസുകള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പും കെ.എല്‍.ഡി.സിയും ചേര്‍ന്ന് നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രക്കുളം നവീകരണത്തിന് ഒരു കോടി 60 ലക്ഷമാണ് വിനിയോഗിക്കുന്നത്. 105 മീറ്റര്‍ നീളവും 55 മീറ്റര്‍ വീതിയുമുള്ള കുളത്തിന്റെ ആഴം കൂട്ടി, ചുറ്റും കരിങ്കല്‍ പാര്‍ശ്വഭിത്തി, രണ്ട് കല്‍പ്പടവ്, കൂടാതെ കുളത്തിന് ചുറ്റും നടപ്പാതയും കൈവരിയും എന്നിവ നിര്‍മ്മിച്ചാണ് നവീകരണം. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കാലവര്‍ഷത്തില്‍ അധികമായുണ്ടാകുന്ന മഴവെള്ളം സംഭരിക്കുകയും കൂടാതെ ജലസേചന ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും. 

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ  കെ അബീദലി മുഖ്യാതിഥിയായി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസര്‍, വൈസ് പ്രസിഡന്റ് എം എസ്‌മോഹനന്‍, മതിലകം പഞ്ചായത്തംഗം സുനില്‍.പി.മോഹനന്‍, എസ്.എന്‍.പുരം ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.രഘുനാഥ്, കെ.എല്‍.ഡി.സി എഞ്ചീനീയര്‍ എ.ജി.ബോബന്‍ എന്നിവര്‍ പങ്കെടുത്തു.