നവജാത ശിശുക്കള്‍ക്ക് ഇനി മുതല്‍ സൗജന്യ റോട്ടാ വാക്‌സിന്‍

post

കോട്ടയം: മാരകമായ റോട്ടാ വൈറസിനെ പ്രതിരോധിക്കുന്നതിന്  നവജാത ശിശുക്കള്‍ക്ക്  റോട്ടാ വാക്‌സിന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുട്ടികള്‍ക്കുണ്ടാകുന്ന വയറിളക്കരോഗങ്ങളില്‍ നാല്‍പ്പത്  ശതമാനത്തിനും കാരണം റോട്ടാ വൈറസാണ്. വാക്‌സിന്‍ നല്‍കുന്നതിലൂടെ ഈ രോഗങ്ങള്‍ തടയാനും   കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും  കഴിയും. കുഞ്ഞ് ജനിച്ച്  6, 10, 14 ആഴ്ചകളില്‍ മറ്റ് വാക്‌സിനുകള്‍ക്കൊപ്പമാണ്  റോട്ടാ വാക്‌സിനും നല്‍കുക. വാക്‌സിന്‍ വിതരണത്തോടനുബന്ധിച്ച് അയ്മനം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പൊതു സമ്മേളനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു ഉദ്ഘാടനം ചെയ്തു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചന്‍ അധ്യക്ഷത വഹിച്ചു.  

പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് റോട്ടാ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഈ വാക്‌സിന്‍ നല്‍കുന്ന പതിമൂന്നാമത്തെ  സംസ്ഥാനമാണ് കേരളം.  നൂറ് രാജ്യങ്ങളില്‍ റോട്ട വാക്‌സിന്‍ നല്‍കുന്നുണ്ട്.

ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിത്താര റോട്ടാ വാക്‌സിന്‍ വിതരണോദ്ഘാടനവും ഡോ. മിനിജ ഡി. നായര്‍  കുട്ടികള്‍ക്കുള്ള കളിപ്പാട്ട വിതരണവും  നിര്‍വ്വഹിച്ചു.  ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി മനോജ്, പഞ്ചായത്തംഗം  ബേബി ചാണ്ടി, വിജി റെജിമോന്‍,  ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍,  ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി. ജെ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍  എം.സി.എച്ച് ഓഫീസര്‍ കെ.ശ്രീലേഖ  വിഷയം അവതരിപ്പിച്ചു.