ഉയര്‍ന്ന താപനില; മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

post

വയനാട്: ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ക്ക് സൂര്യാഘാതവും ചെളളുപനിപോലുളള പരാദ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും മുന്‍നിര്‍ത്തി ചീഫ് വെറ്ററിനറി ഓഫീസര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഫെബ്രുവരി മാസത്തില്‍ തന്നെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ചൂട് കൂടിയ സാഹചര്യത്തില്‍ മൃഗങ്ങളില്‍ ബാഹ്യപരാദങ്ങളുടെ ആക്രമണം മൂലം രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ അറിയിച്ചു. പശുക്കളില്‍ പാലിന്റെ അളവ് കുറയുക, വായിലെ ഉമിനീര്‍ പത പോലെ ഉറ്റി വീഴുക, അമിതമായ കിതപ്പ്, കണ്ണില്‍ പീള കെട്ടല്‍, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞനിറം ഉണ്ടാവുക, ഗര്‍ഭിണിയായ പശുക്കളില്‍ ഗര്‍ഭം അലസിപ്പോവുക തുടങ്ങിയവയാണ് ഉയര്‍ന്ന താപനിലയിലും പരാദരോഗങ്ങളിലും മൃഗങ്ങള്‍ കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍.

ചെള്ള് പനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

1. ചെള്ള്, പേന്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനായി മൃഗങ്ങളുടെ ദേഹത്തും തൊഴുത്തുകളിലും മരുന്നുകള്‍ ഒഴിച്ച് നിയന്ത്രിക്കുക.

2. മൃഗങ്ങളുടെ ദേഹത്ത് കടിച്ചിരിക്കുന്ന പട്ടുള്ളികളെ ക്ലോക്ക് സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയില്‍ തിരിച്ച് പറിച്ചെടുത്ത് കത്തിച്ച് കളയുക.

3. മാന്‍, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെ പ്രത്യേകം ശ്രദ്ധിക്കുക.

സൂര്യാഘാതം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍

1. പശു, ആട്, നായ, പൂച്ച, കോഴി തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ നേരിട്ടുള്ള സൂര്യകിരണങ്ങളില്‍ നിന്നും സംരക്ഷിക്കുക

2. രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറസ്സായ വയല്‍ പ്രദേശങ്ങളിലും പറമ്പുകളിലും മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കുക.

3. ചൂട് കുറഞ്ഞ സമയങ്ങളില്‍ തീറ്റ കൊടുക്കുക.

4. തൊഴുത്തുകളിലും കൂടുകളിലും വായുസഞ്ചാരം ഉറപ്പ് വരുത്തുകയും കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുക.

സൂര്യാഘാതമേറ്റാല്‍ നല്‍കേണ്ട അടിയന്തര നടപടികള്‍

1. എഴുന്നേല്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളെ കാണുകയാണെങ്കില്‍ ശരീരോഷ്മാവ് മനസ്സിലാക്കി നെറ്റിയില്‍ തണുത്ത വെള്ളമോ, തുണിയില്‍ പൊതിഞ്ഞ ഐസ് കട്ടകളോ വയ്ക്കുക.

2. തുണികളില്‍ 50 മുതല്‍ 100 ഗ്രാം വരെ അപ്പക്കാരം ചേര്‍ത്ത് നല്‍കുന്നത് അമ്ലത്വം കുറയ്ക്കാന്‍ സാധിക്കും.

3. ശുദ്ധമായ കുടിവെള്ളം, കരിക്ക് എന്നിവ നല്‍കുക.

4. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ ഉടനടി വെറ്ററിനറി സേവനം ഉറപ്പ് വരുത്തുക.