കേരളം രാജ്യത്തിന് മാതൃക: ശിവരാജ് പാട്ടീല്‍

post

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിയമസഭയാണ് കേരളത്തിലേതെന്നും കേരളം രാജ്യത്തിന് മാതൃകയാണെന്നും ലോകസഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍. നിരവധി നടപടികളിലൂടെ കേരള നിയമസഭ രാജ്യത്തിന് മുന്നില്‍ നടന്നിരിക്കുകയാണ്. സമ്പൂര്‍ണ്ണ കടലാസ് രഹിത സഭ, നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം, സഭാ ടി.വി., നിയമ നിര്‍മ്മാണത്തിലെ ജനകീയ പങ്കാളിത്തം ഭരണഘടനാ സംരക്ഷണ പദ്ധതികള്‍ എന്നിങ്ങനെ കേരള നിയമസഭ കൈവരിച്ച നേട്ടങ്ങള്‍ അഭൂതപൂര്‍വ്വമാണ്. ഭാരതീയ ഛാത്ര സന്‍സദിന്റെ 2019ലെ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നല്‍കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസന സൂചികയിലും ഭരണ നിര്‍വ്വഹണത്തിലും കേരള ഗവണ്‍മെന്റ് ഇന്ന് മുന്നിലെത്തിയിരിക്കുന്നു. കേരളം ആരുഭരിക്കുന്നുവെങ്കിലും, ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ കേരളം മുന്നിലാണെന്ന് പറയാതിരിക്കാനാകില്ല. ഭാരതീയ ഛാത്ര സന്‍സദിന്റെ അഭിനന്ദനങ്ങളും അനുമോദനങ്ങളും കേരള സര്‍ക്കാരിനെയും നിയമസഭയെയും അറിയിക്കണമെന്നും സ്പീക്കറോട് ശിവരാജ് പാട്ടീല്‍ അഭ്യര്‍ത്ഥിച്ചു.