കേരളത്തില്‍ ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ശക്തിപ്പെടുത്താനായി: മുഖ്യമന്ത്രി

post

 ടോഡി ബോര്‍ഡ് യാഥാര്‍ഥ്യത്തിലേക്ക് 

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയില്‍ കേരളത്തിലെ തൊഴിലന്തരീക്ഷം മാറിയതായും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ശക്തിപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കള്ളുചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ആഗ്രഹിക്കുന്ന ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ തൊഴില്‍ രംഗത്തെ അനിശ്ചിതത്വം ഈ രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനും കള്ളുവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴിലാളി ക്ഷേമം ഉറപ്പുവരുത്താനും ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാനും നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കി നിശ്ചയിച്ചു. ക്ഷേമനിധി ബോര്‍ഡുവഴിയും ഒട്ടേറെക്കാര്യങ്ങള്‍ ചെയ്യാനായി. 

നിലവില്‍ ക്ഷേമ നിധിയില്‍ 27,384 തൊഴിലാളികളും 16,721 പെന്‍ഷന്‍കാരുമാണുള്ളത്. കേരളത്തില്‍ തൊഴിലാളികള്‍ക്കായി രൂപംകൊണ്ട ആദ്യ ക്ഷേമപദ്ധതിയാണിത്. നിലവിലുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതി, സ്‌കോളര്‍ഷിപ്പ്, മരണാനന്തര സഹായം, അവശതാ ധനസഹായം ഇവയെല്ലാം തുടരുന്നുണ്ട്. അതിനുപുറമേ, സര്‍വീസിനനുസരിച്ച് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം 2,000 രൂപ മുതല്‍ 5,000 രൂപ വരെ സര്‍വീസിനനുസൃതമായി പെന്‍ഷന്‍ ലഭിക്കും. 2018 ഏപ്രില്‍ മുതല്‍ ക്ഷേമനിധി അംഗങ്ങളെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തി. ഈ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങളാണുള്ളത്. നിരവധി കുടുംബങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാണ്.

തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 40,000 രൂപ നല്‍കുന്ന പദ്ധതിയുണ്ട്. സര്‍വീസിലിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി രണ്ടുലക്ഷം രൂപ നല്‍കുന്ന പദ്ധതി, പ്രായാധിക്യം മൂലം പിരിയുന്നവരില്‍ ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുള്ള അംഗത്തിന് 50,000 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതി, ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് അളക്കുന്ന തെങ്ങുചെത്ത് തൊഴിലാളിക്കും, പന തൊഴിലാളിക്കും പ്രതിവര്‍ഷം 50,000 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതി, പി.ജി. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ്, കുടുംബ പെന്‍ഷന്‍ പദ്ധതി എന്നിങ്ങനെ അനേകം പദ്ധതികളാണ് ഇക്കാലയളവില്‍ രൂപം നല്‍കിയത്. ഇതിനുപുറമേയാണ് ക്ഷേമനിധി ബോര്‍ഡ് സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയില്‍ എല്‍.ഐ.സിയുമായി ചേര്‍ന്ന് തൊഴിലാളികള്‍ക്കായി പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുന്നത്. 

ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സ്വാഭാവികമോ, അസ്വാഭാവികമായോ ഉള്ള മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കവറേജായി ഒരു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണിത്. ബോര്‍ഡിന് അധിക സാമ്പത്തികബാധ്യത വരാത്തവിധമാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.

പദ്ധതികള്‍ കൃത്യമായി തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണം. അറിവില്ലായ്മ മൂലം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാന്‍ നല്ല നിലയില്‍ ബോധവത്കരണം നടത്തണം. പല കാര്യത്തിലും കേരളം രാജ്യത്തിനാകെ മാതൃകയാണ്. തൊഴില്‍ മേഖലയില്‍ ഇത് ദൃശ്യമാണ്. മെച്ചപ്പെട്ട തൊഴിലാളി - തൊഴിലുടമാ ബന്ധം രൂപപ്പെടുത്താന്‍ പുതിയ തൊഴില്‍ നയത്തിന് രൂപം നല്‍കാനുമായി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതിനും അഭിമാനകരമായ നേട്ടങ്ങളാണുണ്ടായത്. കേരളത്തെ തൊഴില്‍ സൗഹൃദവും നിക്ഷേപ സൗഹൃദവുമാക്കുന്നതില്‍ എല്ലാവരുടേയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുവനീര്‍ പ്രകാശനവും, തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍ കാലതാമസമില്ലാതെ ലഭ്യമാക്കാനുള്ള ഡി.ബി.റ്റി. സംവിധാനത്തിന്റെ ഉദ്ഘാടനവും, പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരെ ആദരിക്കലും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ തൊഴില്‍, എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. എല്ലാ ക്ഷേമനിധി പെന്‍ഷനുകളും സര്‍ക്കാര്‍ വര്‍ധിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രായാധിക്യം മൂലം വിരമിച്ച ചെത്ത് തൊഴിലാളികളില്‍ ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സേവനകാലമുള്ളവര്‍ക്കുള്ള പാരിതോഷിക വിതരണം ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് നിര്‍വഹിച്ചു. തൊഴിലാളികളുടെ മക്കളില്‍ 2019ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്കുള്ള സ്വര്‍ണ മെഡല്‍, ക്യാഷ് അവാര്‍ഡ് എന്നിവയുടെ വിതരണം സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. എം. സുധാകരന്‍, ബോര്‍ഡ് ഡയറക്ടര്‍ എന്‍. അഴകേഴന്‍, ഡയറക്ടര്‍മാരായ ബേബികുമാരന്‍, ഷാജി തോമസ്, ടി. എന്‍. രമേശന്‍, കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി. കെ. അജിത് ബാബു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. പി. തങ്കച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.