ശുദ്ധജലം ലഭ്യമാകേണ്ടത് ജനങ്ങളുടെ അവകാശം: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

post

ജലഗുണനിലവാര പരിശോധനാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ശുദ്ധജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം വീടുകളില്‍ പൈപ്പു വഴി കുടിവെള്ളം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി യുണിസെഫിന്റെ സഹായത്തോടെ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗേേണ്ടഷനും കേരള റൂറല്‍ വാട്ടര്‍ സപ്ലെ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജലഗുണനിലവാര പരിശോധനാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സംസ്ഥാനത്തെ വിവിധ ഏജന്‍സികള്‍ നടത്തുന്ന ശുദ്ധജല ഗുണനിലവാര പരിശോധന ഫലങ്ങളും വിവരങ്ങളും  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. യുണിസെഫിന്റെ സഹായത്തോടെ സന്നദ്ധ സംഘടനയായ എസ്.ഇ.യു.എഫ് ആണ് സംവിധാനം തയ്യാറാക്കിയത്. സാമൂഹ്യ കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമാമായി നടത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രവര്‍ത്തന മാര്‍ഗങ്ങളുടെ ചര്‍ച്ചയാണ് ഏകദിന ശില്പശാലയില്‍ നടന്നത്.

ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൃണ്‍മയി ജോഷി  യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പിനാക്കി ചക്രബര്‍ത്തി, സജി സെബാസ്റ്റ്യന്‍, എസ്.ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശില്പശാലയിലെ ചര്‍ച്ചകളില്‍ യുണിസെഫ് പ്രതിനിധികള്‍, ജല അതോറിറ്റി, കെ.ആര്‍.ഡബ്ല്യു.എസ്.എ ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.