സംരഭകര്‍ക്ക് കരുത്ത് പകര്‍ന്ന് ജില്ലാ വ്യവസായ നിക്ഷേപക സംഗമം

postജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണി പോലീസ് അസോസ്സിയേഷന്‍ ഹാളില്‍ സംരഭകര്‍ക്കായി ജില്ലാ വ്യവസായ നിക്ഷേപക സംഗമം നടത്തി. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു.  കാര്‍ഷിക മേഖലയായ ജില്ലയില്‍ കാര്‍ഷിക, ഭക്ഷ്യ ഉത്പന്നങ്ങള്‍ വ്യവസായികമായി ഉത്പാദിപ്പിക്കാനുള്ള സാധ്യതകളും, പുത്തന്‍ ആശയങ്ങളും  സംരഭക സംഗമങ്ങളിലൂടെ ഉരുത്തിരിയുമെന്ന് കളക്ടര്‍ പറഞ്ഞു.  


പരിപാടിയുടെ ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ സംരഭകര്‍ക്കായി വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംരഭക പദ്ധതികള്‍ എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രഞ്ജിത് ബാബു,കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ എന്ന വിഷയത്തില്‍ എം.എസ്.എം.ഇ.ഡി അസിസ്റ്റന്റ്  ഡയറക്ടര്‍  കെ.സി ജോണ്‍സണ്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാനദണ്ഡങ്ങള്‍ എന്ന വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍വയോണ്‍മെന്റ്  എഞ്ചിനീയര്‍ ജി.എം ചിറയില്‍, വരും ദശാബ്ദങ്ങളിലേക്ക് വേണ്ട പത്ത് നൈപുണികള്‍ എന്ന വിഷയത്തില്‍ സാബു വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍  അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ജില്ലാ എല്‍.ഡി.എം  ജി.രാജഗോപാലന്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍  പി.കെ അജിത് കുമാര്‍, കെ.എസ്.എസ്.ഐ ജില്ലാ പ്രസിഡന്റ് ബി.ജയകൃഷ്ണന്‍, സംരഭകനും പൊതുപ്രവര്‍ത്തകനുമായ പാറത്തോട് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വനിതകളും യുവാക്കളുമടക്കം നിരവധി സംരഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.