ആശയങ്ങള്‍ പങ്കുവെച്ച് യുവജനങ്ങള്‍; നവ്യാനുഭവമായി 'ഷെയര്‍ ദി ഐഡിയാസ്'

post

ഇടുക്കി: പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍, യുവജന സംഘടന പ്രതിനിധികള്‍, യുവ മാധ്യമ പ്രതിനിധികള്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് 'ഷെയര്‍ ദി ഐഡിയാസ്' എന്ന പരിപാടി തൊടുപുഴയില്‍ നടത്തി.

ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ തൊടുപുഴ പോലീസ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി യുവജനങ്ങള്‍ പങ്കെടുത്തു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളെ സജീവമാക്കുക, സാമൂഹ്യ നന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ പങ്കെടുപ്പിക്കുക, യുവജനങ്ങളുടെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കുക, തൊഴില്‍ സാധ്യതകളെ കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഷെയര്‍ ദി ഐഡിയാസ് സംഘടിപ്പിച്ചത്.

പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, മാലിന്യ നിര്‍മാര്‍ജനം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, സ്ത്രീ സുരക്ഷ, മതനിരപേക്ഷത എന്നിവയ്ക്ക് ഊന്നല്‍ നല്‍കി വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. ഇതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ച് 2020 ഒക്ടോബര്‍ മാസം നടത്തുന്ന കേരള യൂത്ത് മീറ്റില്‍ അവതരിപ്പിക്കും. 

തൊടുപുഴ ഡിവൈ.എസ്.പി. കെ. പി. ജോസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം. പിള്ള വിഷയാവതരണം നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി. എസ്. ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ പ്രൊഫ. ജോസഫ് അഗസ്റ്റിന്‍, എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ മുഹമ്മദ് ന്യൂമാന്‍, ഹരിത കേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ജി. മധു, മുന്‍ സന്തോഷ് ട്രോഫി താരം പി. എ. സലിംകുട്ടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. കെ. നവാസ്, സാഹസിക പരിശീലകന്‍ ആര്‍. മോഹന്‍, മൂന്നാര്‍ ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍, ജില്ലയിലെ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, ക്ലബ്ബ് പ്രതിനിധികള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.