പരിമിതികള്‍ വകവെക്കാതെ അവരും സ്മാര്‍ട്ടായി

post

പാലക്കാട് : സാങ്കേതികതയുടെ സഹായത്തോടെ പരിമിതികള്‍ ലംഘിച്ച് കാഴ്ച്ച പരിമിതര്‍ക്ക് ഉള്‍ക്കാഴ്ച ഒരുക്കുന്ന കാഴ്ച പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, വികലാംഗക്ഷേമ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ കാഴ്ചപരിമിതിയുള്ളവര്‍ക്ക് പ്രത്യേക സോഫ്ട്‌വെയറോടു കൂടിയ ലാപ്‌ടോപും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് കാഴ്ച. ഇതിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് ഫോണ്‍ പരിശീലനത്തിന് ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കോണ്‍സ് ആശുപത്രിയില്‍ തുടക്കമായി. 3ജി, 4ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രം-പുസ്തകവായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേയ്‌സ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷ പഠനസഹായികളും സംസാരിക്കുന്ന റൂട്ട് മാപ്പും ഇത്തരക്കാര്‍ക്ക് പരാശ്രയമില്ലാതെ വിരല്‍ത്തുമ്പിലാക്കാന്‍ പരിശീലനത്തിലൂടെ സാധ്യമാകും.

കാഴ്ചപരിമിതിയുള്ള ഒരാള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശയറിയാനും മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധ്യമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ 100 പേരാണ് പങ്കെടുക്കുന്നത്. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച കാഴ്ച പരിമിതമായ 20 മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനം നല്‍കുന്നത്. വികലാംഗ കാര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍  കെ. മൊയ്തീന്‍കുട്ടി, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഗിരീഷ് കീര്‍ത്തി, ഐക്കോണ്‍സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശശി, സജീവന്‍, ഭരത, കലേഷ്, രമിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാടനം ഇന്ന്

സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും ഇന്ന് (ഫെബ്രുവരി 20) രാവിലെ 10 ന് ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കോണ്‍സ് ആശുപത്രിയില്‍ പി.കെ.ശശി എം.എല്‍.എ നിര്‍വഹിക്കും. ജില്ലയില്‍ നിന്നും 100 പേര്‍ക്കാണ് ഫോണുകള്‍ വിതരണം ചെയ്യുന്നത്. ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ സിം കാര്‍ഡുകളും വിതരണം ചെയ്യും.

കൂടാതെ വകുപ്പ് നടപ്പാക്കുന്ന ഹസ്തദാനം പദ്ധതിയില്‍ 12 വയസ് പ്രായമായ ഗുരുതര ഭിന്നശേഷികാരായ കുട്ടികളുടെ പേരില്‍ 18 വയസ് വരെയുള്ള കാലയളവിലേക്ക് നിക്ഷേപിച്ച സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിതരണം ചെയ്യും. 50 ശതമാനം അംഗപരിമിതരായ കുട്ടികള്‍ക്കായി വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിയാണിത്. 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ്  അപേക്ഷിക്കാനാവുക. 750  പേരെ തിരഞ്ഞെടുത്ത് അവരുടെ പേരില്‍ നിശ്ചിത തുക ബാങ്കില്‍ നിക്ഷേപിക്കുകയും 18 വയസ്സ് തികയുമ്പോള്‍ തുകയും പലിശയും നല്‍കുകയും ചെയ്യും.