156 പഞ്ചായത്തുകള്‍ തരിശു രഹിതമാക്കും

post

വയനാട് : സംസ്ഥാനത്ത് 156 പഞ്ചായത്തുകള്‍ കൂടി തരിശ് രഹിതമാക്കുമെന്ന്  കൃഷി മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ വൈത്തിരി റിസോര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കൃഷി ചെയ്യുന്ന  കര്‍ഷകര്‍ക്ക് സാമൂഹ്യ ഉത്തരവാദിത്തമെന്ന നിലയില്‍ ഒരു ഹെക്ടറിന് രണ്ടായിരം രൂപ റോയല്‍റ്റി നല്‍കുന്ന പ്രഖ്യാപനം ആവാസ വ്യവസ്ഥയുടെ സംരക്ഷകര്‍ക്ക് നല്‍കുന്ന പ്രതിഫലമാണ്. നെല്‍ക്കൃഷിയിലും പച്ചക്കറി കൃഷിയിലും വലിയ പുരോഗതിയാണുണ്ടായത്.  അമ്പതിനായിരം മെട്രിക് ടണ്‍ നെല്ല് അധികമായി ഉല്‍പാദിപ്പിച്ചു.  നെല്‍കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ വിസ്തൃതി രണ്ട് ലക്ഷം ഹെക്ടറായി ഉയര്‍ന്നു.  മൂന്ന് ലക്ഷം ഹെക്ടറാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. നാന്നൂറ്റിയെഴുപത് ദിവസം നീണ്ടു നില്‍ക്കുന്ന ജീവനി പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പോഷക തോട്ടങ്ങള്‍ ഒരുക്കി ആരോഗ്യകരമായ ഭക്ഷണം ലഭ്യമാകുന്ന സാഹചര്യവും ഉണ്ടാക്കും. ഹരിതകേരളമിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു വര്‍ഷം 18 മെട്രിക് ടണ്‍ പച്ചക്കറി ഉള്‍പാദിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ജൈവരീതിയില്‍ നടത്തുന്ന കൃഷിക്ക് അനുബന്ധമായി ജൈവവള നിര്‍മ്മാണ യൂണിറ്റുകളും തുടങ്ങും.  വകുപ്പിന്റെ കൃഷി പാഠശാലയുടെ കീഴില്‍ ഒരോ പഞ്ചായത്തിലുമുളള രണ്ടായിരത്തോളം പേര്‍ക്ക് കാര്‍ഷിക അറിവുകള്‍ നല്‍കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും ഏകോപനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്കാണ് നിര്‍വ്വഹിക്കാനുളളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിതകേരള മിഷന്‍ ഏറ്റെടുത്ത പച്ചത്തുരുത്ത്, തോടുകളുടെയും നദികളുടെയും പുനരുജ്ജീവനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മുന്നേറ്റങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതായും മന്ത്രി പറഞ്ഞു.