സർക്കാരിന്റെ ഒന്നാം വാർഷികം: 'എന്റെ കേരളം' മെഗാ പ്രദർശന - വിപണന മേള 15 മുതൽ കനകക്കുന്നിൽ

post


രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേള മേയ് 15 മുതൽ 22 വരെ കനക്കുന്നിൽ നടക്കുമെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയ് 15 വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും.

ജില്ലയിൽനിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സർക്കാരിന്റെ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ പ്രശസ്തരായ കലാകാര•ാർ നയിക്കുന്ന കലാപരിപാടികൾ എന്നിവ മേളയുടെ മാറ്റുകൂട്ടും. സർക്കാർ വകുപ്പുകളിൽനിന്നുള്ള വിവിധ സേവനങ്ങൾ സൗജന്യമായി മേളയിൽ ലഭിക്കും. പൊതുജനങ്ങൾക്കു രാവിലെ 10 മുതൽ രാത്രി 10 വരെ പ്രദർശന നഗരിയിലെത്താം. പൂർണമായും ശീതീകരിച്ച പവലിയനുകളിലാണു സ്റ്റാളുകൾ ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും കേരളത്തിന്റെ വികസന ചരിത്രവും ഉൾപ്പെടുത്തിയ തീം സ്റ്റാളുകൾ മേളയുടെ പ്രധാന ആകർഷണമാകും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന 'എന്റെ കേരളം' പവലിയനിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങളും കേരളത്തിന്റെ ചരിത്രവും പ്രദർശിപ്പിക്കും. ജില്ലയിലെ പ്രധാന ടൂറിസം  പദ്ധതികൾ പരിചയപ്പെടുത്തി വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന പവലിയൻ സന്ദർശകർക്കു പുത്തൻ അനുഭവമാകും. കേരള പൊലീസ് പവലിയനിൽ സേനയുടെ വിവിധ ആയുധങ്ങളും ഉപകരണങ്ങളും പൊതുജനങ്ങൾക്ക്  കാണാം. പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഡോഗ് ഷോ, വനിതകൾക്കുള്ള സ്വയം പ്രതിരോധ മാർഗങ്ങളുടെ പരിശീലനം എന്നിവയുമുണ്ട്. അഗ്‌നിരക്ഷാസേന, മോട്ടോർ വാഹന വകുപ്പ്, ജയിൽ, കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം മേളയുടെ ഭാഗമാകും.

തിരുവനന്തപുരം പ്രിയദർശനി പ്ലാനറ്റോറിയത്തിന്റെ മൊബൈൽ എക്സിബിഷൻ ബസും വാനനിരീക്ഷണ സംവിധാനമുള്ള ആസ്ട്രോവാനും സന്ദർശിക്കാനുള്ള അവസരവുമുണ്ടാകും.
മേളയിലെത്തുന്ന പൊതുജനങ്ങൾക്കു കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനു വിപുലമായ വിപണന സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും വിവിധ ഉത്പന്നങ്ങൾ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാം. പാൽ ഉത്പന്നങ്ങൾ, വനം വകുപ്പിന്റെ വനശ്രീ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, വിവിധ ഭക്ഷ്യ വസ്തുക്കൾ, കയർ ഉത്പന്നങ്ങൾ, തേൻ, ആയുർവേദ ഉത്പന്നങ്ങൾ, വിവിധ അച്ചാറുകൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവ സ്റ്റാളുകളിലുണ്ടാകും. ഫല വൃക്ഷത്തൈകൾ, വിത്തുകൾ, ചെടികൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയും വാങ്ങാൻ സൗകര്യമുണ്ട്.


പുതിയ ആധാർ കാർഡിനുള്ള അപേക്ഷ സ്വീകരിക്കൽ, ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര്, മൊബൈൽ നമ്പർ എന്നിവ തിരുത്തൽ, കുട്ടികൾക്കുള്ള ആധാർ രജിസ്ട്രേഷൻ, റേഷൻ കാർഡ് സേവനങ്ങൾ, കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതി രജിസ്ട്രേഷൻ, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർക്കൽ, യുണീക്ക് ഹെൽത്ത് ഐ.ഡി രജിസ്ട്രേഷൻ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തൽ, അനെർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ, കൃഷി വകുപ്പിന്റെ മൊബൈൽ യൂണിറ്റ് വഴി മണ്ണ് പരിശോധന, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ യൂണിറ്റിൽ വെള്ളം, പാൽ, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണമേൻമ പരിശോധിക്കാനുള്ള അവസരം എന്നിവ മേളയിലുണ്ടാകും.
കുടുംബശ്രീ, ഐ.റ്റി.ഡി.പി, മിൽമ, ജയിൽ വകുപ്പ്, ഫിഷറീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തിന്റെ തനതു രുചികളും അയൽ ജില്ലകളിലെ വിഭവങ്ങളും വിളമ്പുന്ന ഫുഡ് കോർട്ടുകൾ മേളയുടെ മുഖ്യ ആകർഷണമാകും. കുടുംബശ്രീയുടെ ആറു യൂണിറ്റുകളാണു ഫുഡ് കോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ഗോത്രരുചികൾ പരിചയപ്പെടുത്തി ഐ.റ്റി.ഡി.പിയുടെ സ്റ്റാളുമുണ്ടാകും.


ദിവസവും വൈകിട്ട് ഏഴ് മുതൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അരങ്ങേറും. മെയ് 15ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം പുതുതലമുറയുടെ ഹരമായ ഊരാളി ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും. രണ്ടാം ദിവസം കൊല്ലം ശാസ്താംകോട്ട കനൽ മ്യൂസിക് ബാൻഡിന്റെ നാടൻപാട്ടും തുടർന്ന് അന്നേ ദിവസം തന്നെ കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയുടെ 45 കലാകാര•ാർ മലയാള കാവ്യകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ദൃശ്യ - ശ്രവ്യ പരിപാടിയായ സർഗകേരളവും ഉണ്ടാകും. മൂന്നാം ദിവസം മെയ് 17ന് പ്രശസ്ത സൂഫി ഗായകനായ സമീർ ബിൻസിയും സംഘവും സൂഫി സംഗീതം അവതരിപ്പിക്കും. മെയ് 18ന് വിവിധ സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തൃശൂർ ആട്ടം കലാസമിതി ഒരുക്കുന്ന ഫ്യൂഷൻ സംഗീതം. അഞ്ചാം ദിവസം മെയ് 19ന് തിരുവനന്തപുരം നാട്യവേദ കോളേജ് ഓഫ് പെർഫോമിംഗ് ആർട്‌സ് അവതരിപ്പിക്കുന്ന കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അരങ്ങേറും. മെയ് 20ന് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറും സംഘവും നയിക്കുന്ന സംഗീത പരിപാടി ഉണ്ടാകും.

ഏഴാം ദിവസം മെയ് 21ന് മലയാളിയുടെ പ്രിയ കവി ഒ.എൻ.വിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി 'ഓർമകളിൽ ഒ.എൻ.വി' എന്ന പരിപാടിയുമായി പ്രശസ്ത പിന്നണിഗായികയും ഒ.എൻ.വിയുടെ കൊച്ചുമകളുമായ അപർണ രാജീവ് നിശാഗന്ധിയിൽ സംഗീതനിശയൊരുക്കും. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനം മേയ് 20നു നടക്കും.
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി മാധ്യമങ്ങൾക്കു പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെഗാ മേളയെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിന് അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കും മികച്ച ഫോട്ടോഗ്രാഫർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കും മികച്ച ക്യാമറാമാനും സമഗ്ര കവറേജിന് ഓൺലൈൻ, റേഡിയോ വിഭാഗങ്ങൾക്കും പുരസ്‌കാരം നൽകും. ഇതിനു പുറമെ പി.ആർ.ഡിയുടെ നേതൃത്വത്തിൽ മേള നഗരിയിൽ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.

നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.