കൂര്‍ക്കഞ്ചേരിയില്‍ 40 ലക്ഷം ലിറ്റര്‍ കുടിവെള്ളം ലഭ്യമാകും

post

തൃശൂര്‍: കുടിവെള്ളപ്രശ്‌നം രൂക്ഷമായ തൃശൂര്‍ കോര്‍പ്പറേഷനിലെ കൂര്‍ക്കഞ്ചേരി സോണല്‍ പ്രദേശത്ത് ദിനംപ്രതി ഇനി 40 ലക്ഷം ലിറ്റര്‍ കുടിവെള്ളം ലഭ്യമാകും. ഇതിനായി 3.65 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയായി. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൂര്‍ക്കഞ്ചേരി പ്രദേശക്കാരുടെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയത്. കൂര്‍ക്കഞ്ചേരി, ചിയ്യാരം പദ്ധതിക്കായി 400 എം എം പൈപ്പ് തനതായി ചെമ്പുക്കാവിലെ ടാങ്കില്‍ നിന്ന് കൊണ്ടുവന്നു. 3.1 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ കുടിവെള്ള പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനായി പൈപ്പിട്ടത്. ചിയ്യാരം ആലുംവെട്ടു വഴിയില്‍ പഴയ പമ്പുകള്‍ മാറ്റി ഇതിനാവശ്യമായ ടാങ്കും 65 എച്ച്പിയുടെ രണ്ട് മോട്ടോര്‍ പമ്പും സ്ഥാപിച്ചു. ഇവിടെ തന്നെയാണ് അണ്ടര്‍ഗ്രൗണ്ട് ടാങ്കും വിതരണ ടാങ്കും സ്ഥാപിച്ചിരിക്കുന്നത്. വളരെ സുഗമമായി കൂര്‍ക്കഞ്ചേരി സോണില്‍ കുടിവെള്ളം എത്തിക്കാന്‍ ഇതോടെ കഴിയും.

1987 ല്‍ സ്ഥാപിതമായ വിതരണ ടാങ്കുള്‍പ്പെടുന്ന പദ്ധതിയാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. ഏകദേശം 200 പൊതു ടാപ്പുകള്‍ മാത്രമായിരുന്നു ലക്ഷ്യം. പിന്നീട് ഹൗസ് കണക്ഷനുകളും പൊതു ടാപ്പുകളുടെ എണ്ണവും വര്‍ധിച്ചു. ജനങ്ങളുടെ ജലഉപഭോഗവും ഇതനുസരിച്ച് ക്രമാതീതമായി ഉയര്‍ന്നു. ഇതിന് പുറമെ ചിയ്യാരത്തേക്ക് വരുന്ന മെയിന്‍ ലൈനില്‍ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് ലൈനുകളും കൂടാതെ 100 കണക്കിന് വ്യക്തികള്‍ക്ക് കണക്ഷനും നല്‍കി. ഇതിന്റെ എല്ലാം ഭാഗമായി കൂര്‍ക്കഞ്ചേരിയിലേക്കുള്ള വെള്ളത്തിന്റെ വരവ് ഗണ്യമായി കുറയുകയായിരുന്നു. കൂടുതല്‍ ജലലഭ്യതക്ക് വേണ്ട പുതിയ പദ്ധതികള്‍ ഒന്നും നടപ്പിലാക്കാനും സാധിച്ചില്ല. ഇതിന് പരിഹാരമായാണ് 2018 മെയ് മാസത്തില്‍ ഈ പുതിയ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. ചുരുങ്ങിയ കാലയളവില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിച്ച് ഈ കടുത്ത വേനലില്‍ ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കോര്‍പ്പറേഷന്‍. ഉദ്ഘാടനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.