പച്ചക്കറി ഗ്രാമമാകാനൊരുങ്ങി ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്

post

തൃശൂര്‍: തലമുറ കൈമാറി വന്ന കൃഷിരീതി പ്രാവര്‍ത്തികമാക്കി പ്രായഭേദമന്യേ ഒരു ഗ്രാമം മുഴുവന്‍ കൈകോര്‍ത്ത് മണ്ണിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ജീവനി പദ്ധതിയിലൂടെ ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിനെ പച്ചക്കറി ഗ്രാമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തുകാര്‍.

കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരെ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടിന്റെ ടെറസില്‍ തുടങ്ങി 14 ഏക്കര്‍ ഭൂമിയില്‍ വരെ കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്യുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ഏങ്ങണ്ടിയൂര്‍ കൃഷി ഭവനില്‍ നിന്ന് നല്‍കുന്നു. വിദ്യാലയങ്ങളില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കര്‍ഷകര്‍, കുടുംബശ്രീ, വിവിധ കൂട്ടായ്മകള്‍ എന്നിവര്‍ ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തില്‍ ഏകദേശം 25 ഏക്കറിലായി വിവിധ സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. നെല്ല്, കാബേജ്, ചേന, കോവല്‍, തക്കാളി, പടവലം, പയര്‍, വെളളരിക്ക, പാവല്‍, ചീര, വാഴ, കൂര്‍ക്ക, കപ്പ, പച്ചമുളക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എടതിരുത്തി സ്റ്റേറ്റ് സീഡ് ഫാമില്‍ നിന്ന് തൈകളും പാണഞ്ചേരി സ്റ്റേറ്റ് ഫാമില്‍ നിന്ന് വിത്തുകളും കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. അയ്യായിരം തൈകളും 178 പേക്കറ്റ് വിത്തുകളും ഏങ്ങണ്ടിയൂര്‍ കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.

പഞ്ചായത്തിലെ 198 കുടുംബശ്രീ യൂണിറ്റുകളും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. കൃഷിയോട് താല്‍പര്യമുള്ള ഒരു കൂട്ടം പുതിയ തലമുറയിലെ യുവാക്കളും ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ ജീവനി പദ്ധതിയെ ഉള്‍പ്പെടുത്തി 23 അങ്കണവാടികളിലും അവിടേക്ക് ആവശ്യമായ പച്ചക്കറി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഒരു ഏക്കറില്‍ കൃഷി ചെയ്യുന്ന കര്‍ഷകന് ഒരു വര്‍ഷത്തേയ്ക്ക് 17,500 രൂപ കൂലി നല്‍കുന്നതിനായി സാമ്പത്തിക സഹായം നല്‍ക്കുന്നുണ്ട്. ജലലഭ്യതയുടെ പരിമിതിയേയും മറികടന്നാണ് ഏങ്ങണ്ടിയൂര്‍ കാര്‍ഷികനേട്ടം കൈവരിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, സമീകൃത ആഹാരത്തിലൂടെ ആരോഗ്യം, വീട്ടുവളപ്പില്‍ തന്നെ വര്‍ഷം മുഴവന്‍ പച്ചക്കറി എന്നതാണ് ജീവനി പദ്ധതിയുടെ ലക്ഷ്യം. 2020 ജനുവരി ഒന്ന് മുതല്‍ 2021 ഏപ്രില്‍ നാല് വരെ 70 ദിവസം നീണ്ട് നില്‍ക്കുന്നതാണ് പദ്ധതി.