മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്തും

post

കോഴിക്കോട്: 2020-21 സാമ്പത്തിക വര്‍ഷം കഴിയുന്നതോടെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍.  ചികിത്സ, പൊതുജനാരോഗ്യ  സംവിധാനങ്ങളും മാനേജ്‌മെന്റും ഒരു സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന ഇ-ഹെല്‍ത്ത് സംവിധാനത്തിന്റെ ജില്ലാതല  ഉദ്ഘാടനം കണ്ണാടിപ്പൊയിലിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 ഇ-ഹെല്‍ത്ത് പദ്ധതി സംസ്ഥാനത്ത് പൂര്‍ണമാവുന്ന മുറക്ക്  രോഗികളുടെ മുഴുവന്‍ രോഗചരിത്രം രേഖപ്പെടുത്താന്‍ സാധിക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ തൊട്ട് മുകളിലോട്ടുള്ള ആശുപത്രികളെ  ഉയര്‍ന്ന ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2021-22 സാമ്പത്തിക വര്‍ഷം കഴിയുന്നതോടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പടെയുള്ള സൗകര്യങ്ങളുള്ള ലോകോത്തര നിലവാരമുള്ളവയാക്കി സര്‍ക്കാര്‍  ആശുപത്രികളെ  മാറ്റാന്‍ സാധിക്കും. അഞ്ഞൂറോളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.