അഗ്‌നിശമനസേനാ വിഭാഗത്തിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി ശ്രദ്ധേയമായി

post

പാലക്കാട് : പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, വീട്ടില്‍ വെറുതെ കിടക്കുന്ന ഉണക്ക തേങ്ങ, മണ്ണെണ്ണ ബാരല്‍, ഒരിറ്റ് ശ്വാസത്തിനും പ്രാണനും വേണ്ടി പിടയുമ്പോള്‍ അത്യാവശ്യ ഘട്ടത്തില്‍ ഇവയെല്ലാം ജീവന്‍ രക്ഷാ ഉപകരണങ്ങളാവുമെന്നാണ് അഗ്‌നിശമനസേനാ വിഭാഗം പറയുന്നത്. ഇതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സിവില്‍ ഡിഫന്‍സ് വൊളന്റിയേഴ്‌സിന്റെ അടിയന്തര സാഹചര്യ രക്ഷാ പ്രവര്‍ത്തന പരിശീലന പരിപാടി ശ്രദ്ധേയമായി. പ്രളയം, വെള്ളപൊക്കം, റോഡപകടം, തീപ്പിടിത്തം തുടങ്ങിയ ദുരന്തസാഹചര്യങ്ങളില്‍ അകെപ്പടുന്നവര്‍ക്ക് സഹായഹസ്തവുമായി സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്ന സേവനതത്പരരായ വ്യക്തികളാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍. 18 വയസ്സായ വിദ്യാര്‍ഥികള്‍ മുതല്‍ 65 വയസ്സുള്ള വീട്ടമ്മമാരുള്‍പ്പെടെയുള്ള വയോധികരും ജില്ലയിലെ സിവില്‍ ഡിഫന്‍സ് വൊളന്റിയേഴ്‌സില്‍ ഉള്‍പ്പെടുന്നു.

പ്രധാനമായും പ്രളയം, വെള്ളപൊക്കം എന്നിവ ഉണ്ടായാല്‍ പരിഭ്രാന്തരാകുന്ന സാഹചര്യത്തിലോ വീട്ടില്‍ ഒറ്റപ്പെട്ട അവസ്ഥയിലോ നടത്തേണ്ട രക്ഷാ പ്രവര്‍ത്തന രീതികളാണ് പരിപാടിയില്‍ വിശദീകരിച്ചതും പ്രായോഗിക പരിശീലനം നല്‍കിയതും. ഏഴുമുതല്‍ ഒമ്പത് വരെ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒരു കോണി കണക്കെ ചേര്‍ത്ത് കെട്ടി അരയില്‍ ചേര്‍ത്ത് ഉറപ്പിച്ചാല്‍ ഏത് വെള്ളത്തിലും നീന്താന്‍ അറിയാത്തവര്‍ക്ക് പോലും വെള്ളത്തില്‍ മുങ്ങാതെ പൊങ്ങിക്കിടക്കാന്‍ കഴിയും. രണ്ട് കുടങ്ങള്‍, ഡ്രമ്മുകള്‍, മണ്ണെണ്ണ കാനുകള്‍ തുടങ്ങിയവ കൂട്ടിക്കെട്ടിയാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ വെള്ളത്തില്‍ പൊങ്ങികിടക്കാന്‍ സാധിക്കും. സമാനമായി മറ്റ് വസ്തുക്കള്‍ കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനവും പരിശീലനത്തില്‍ നല്‍കി. ജില്ലാ പഞ്ചായത്ത് കുളത്തിലായിരുന്നു പ്രായോഗിക പരിശീലനം.  

ഇതിന് പുറമെ, അടിയന്തര സാഹചര്യങ്ങളായ തീപ്പിടിത്തം, റോഡപകടം, എല്‍.പി.ജി ലീക്ക് നേരിടാനുമുള്ള പരിശീലനവും അംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബോധക്ഷയം സംഭവിച്ചാല്‍ നല്‍കേണ്ട പ്രഥമ ചികിത്സാ സഹായം, സി.പി.ആര്‍, കമ്പുകള്‍ കൊണ്ടുള്ള സ്ട്രച്ചര്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളിലും പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ വൊളന്റിയര്‍മാര്‍ പല അടിയന്തരഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നതായി ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു.

ഫയര്‍ ഫോഴ്‌സിന്റെ പാലക്കാട്, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, കഞ്ചിക്കോട്, വടക്കഞ്ചേരി, ആലത്തൂര്‍, ഷൊര്‍ണൂര്‍ തുടങ്ങി വിവിധ യൂണിറ്റുകളിലെ പരിധിയിലുള്ള നൂറോളം സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഓഫീസര്‍ കെ.സുമ, ഫയര്‍ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.