750 കര്‍ഷകര്‍ക്ക് സൗജന്യമായി കിഴങ്ങുവര്‍ഗങ്ങളുടെ വിത്ത് വിതരണം ചെയ്തു

post

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടവിള കൃഷിക്കായുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ ജില്ലാതല വിതരണോദ്ഘാടനം വെച്ചൂച്ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ഇടവിള കൃഷിക്കുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ കിറ്റുകള്‍ ഗുണഭോക്തൃ ലിസ്റ്റിലുള്ള 750 കര്‍ഷകര്‍ക്ക് സൗജന്യമായാണു വിതരണം നടത്തിയത്.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്ന് ഗ്രാമസഭകള്‍ വഴി തെരഞ്ഞെടുത്ത ഗുണഭോക്തൃ ലിസ്റ്റില്‍ മൊത്തം 1860 കര്‍ഷകരാണുള്ളത്. ലിസ്റ്റിലുള്ള മറ്റ് കര്‍ഷകര്‍ക്ക് ഉടന്‍ നടീല്‍ വസ്തുക്കളുടെ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ചേന, കാച്ചില്‍, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നീ ഇനങ്ങളുടെ മൊത്തം 21 കിലോ തൂക്കം വരുന്ന വിത്തുകളുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വിതരണം നടത്തുന്ന കിറ്റുകളില്‍ 12 കിലോ ചേന, 3 കിലോ കാച്ചില്‍, 2 കിലോവീതം ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെയാണ് വിത്തിനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കിറ്റിന് 1,300 രൂപ വിലവരും. ഇടവിള കൃഷിക്കായുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ സൗജന്യ വിതരണ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയുമാണ് 2019 2020 സാമ്പത്തിക വര്‍ഷം നീക്കിവച്ചത്.
വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണന്‍, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്‌കറിയ ജോണ്‍, ഇ.വി വര്‍ക്കി, ജയ്‌നമ്മ തോമസ്, വക്കച്ചന്‍ പൗവ്വത്തില്‍, എ.വി മാത്യു, കെ.ശ്രീകുമാര്‍, എസ്.അമ്പിളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സന്‍ പ്രേംകുമാര്‍, വെച്ചൂച്ചിറ കൃഷി ഓഫീസര്‍ ട്രീസ സെലിന്‍ ജോസഫ്, കൃഷി അസിസ്റ്റന്റ്  കൃഷ്ണകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ ജയിംസ്, പ്രസന്നന്‍, ഷാജി കൈപ്പുഴ, ജോസ് പാത്രപാങ്കല്‍, പി.എസ് രവീന്ദ്രന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ.ലളിതാമ്മ എന്നിവര്‍ പ്രസംഗിച്ചു.