കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ ജംബോ വിമാന സര്‍വീസ് ആരംഭിച്ചു

post

മലപ്പുറം: കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ആദ്യ വിമാനത്തിലെ ക്യാപ്റ്റന്‍ എന്‍. എസ്. യാദവിനും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ജിദ്ദയില്‍ നിന്ന് രാവിലെ 7.05ന് കരിപ്പൂരിലെത്തിയ വിമാനത്തിന് റണ്‍വെയില്‍ വിമാനത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജിദ്ദ സര്‍വീസിനായി ഉപയോഗിക്കുന്നത്. 20 ടണ്‍വരെ കാര്‍ഗോ കയറ്റുമതിക്കും സൗകര്യമുണ്ട്. ജിദ്ദയില്‍ നിന്ന് ഞായര്‍, വെളളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെടുന്നവിമാനം തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ 7.05ന് കരിപ്പൂരിലെത്തും. ഇതേ ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് വിമാനം ജിദ്ദയിലെത്തും.

ജിദ്ദ - കോഴിക്കോട് വ്യോമപാതയില്‍ ജംബോ വിമാന സര്‍വീസ് പുനരാരംഭിച്ചത് മലബാറിന്റെ സമ്പദ് രംഗത്തിന് കരുത്താവും. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കണ്‍വെയര്‍ ബെല്‍റ്റ്, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയുടെ കുറവു നികത്താന്‍ വ്യോമയാന വകുപ്പ് ഇടപെടല്‍ നടത്തി വരുകയാണെന്ന് മന്ത്രി വി. മുരളീധരന്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. വിനോദ സഞ്ചാര മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രത്യേക പരിഗണന നല്‍കുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ഉള്‍പ്പെട്ടതായും മന്ത്രി പറഞ്ഞു. എം.പിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, പി. വി. അബ്ദുള്‍ വഹാബ്, എം. കെ. രാഘവന്‍, വിമാനത്താവള ഡയറക്ടര്‍ എ. ശ്രീനിവാസ റാവു, എയര്‍ ഇന്ത്യ സോണല്‍ ജനറല്‍ മാനേജര്‍ ഭുവനാ റാവു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ താള വാദ്യങ്ങളും സ്വീകരണത്തിന് മാറ്റുപകര്‍ന്നു.