മെന്ററിംഗിലൂടെ കുട്ടിയ്ക്ക് കൈത്താങ്ങാവാന്‍ സഹിതം പദ്ധതി

post

തിരുവനന്തപുരം: കുട്ടികളുടെ അക്കാഡമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളര്‍ത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തില്‍ മെന്ററിംഗ് നടത്തുന്ന 'സഹിതം' പദ്ധതി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒരു അധ്യാപകന്‍ നിശ്ചിത എണ്ണം കുട്ടികളുടെ മെന്റര്‍ ആയി മാറുന്ന സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇത്. 

സ്‌കൂളുകള്‍ ഹൈടെക്കായ പശ്ചാത്തലത്തില്‍ സ്‌കൂള്‍തല മാസ്റ്റര്‍പ്ലാന്‍ എന്നതില്‍ നിന്നും ഓരോ കുട്ടിയ്ക്കും പ്രത്യേക അക്കാഡമിക് മാസ്റ്റര്‍പ്ലാന്‍ എന്ന ലക്ഷ്യമാണ് സഹിതത്തിലൂടെ യാഥാര്‍ത്ഥ്യമാവുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഇതിനനുസൃതമായി ഓരോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടേയും അനുഗുണമായ സാമൂഹിക ശേഷികള്‍, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓണ്‍ലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകന് അവസരം ലഭിക്കും. അതോടൊപ്പം തന്നെ കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകള്‍കൂടി നിരീക്ഷിച്ച് കുട്ടിയ്ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര പഠനപ്രവര്‍ത്തനങ്ങള്‍ മെന്ററായ അധ്യാപകന്‍ ആസൂത്രണം ചെയ്യും.

അധ്യാപകര്‍ക്ക് മനഃശാസ്ത്രപരമായ പരിശീലനം ഉള്‍പ്പെടെ ഇതിനായി ഏര്‍പ്പെടുത്തും. എസ്.സി.ഇ.ആര്‍.ടിയുടെ അക്കാഡമിക് പിന്തുണയോടെ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് സഹിതം പോര്‍ട്ടലിന്റെ നിര്‍മാണവും പരിപാലനവും നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളുടെ മികവുകളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും രക്ഷിതാക്കള്‍ക്കുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സഹിതം പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

സഹിതം പദ്ധതിയ്ക്കായി സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലുള്ള കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ പ്രഥമാധ്യാപകര്‍ സ്‌കൂളില്‍ മെന്ററായി വരുന്ന അധ്യാപകര്‍ക്ക് ലഭ്യമാക്കും. കുട്ടികളുമായുള്ള അനൗപചാരിക സംവാദം, ഗൃഹസന്ദര്‍ശനം, നിരന്തര നിരീക്ഷണം തുടങ്ങിയവയിലൂടെ കുട്ടിയെ സംബന്ധിക്കുന്ന കൂടുതല്‍ പശ്ചാത്തല വിവരങ്ങള്‍ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ മെന്റര്‍മാര്‍ നടത്തേണ്ടതുണ്ട്.

ഈ വര്‍ഷം പൈലറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലും അടുത്ത അധ്യയനവര്‍ഷം മുഴുവന്‍ സ്‌കൂളുകളിലും സഹിതം പദ്ധതി നടപ്പാക്കാനുള്ള സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.