കേരളത്തിന്റെ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി മാതൃകയാക്കാന്‍ കേന്ദ്രം

post

തിരുവനന്തപുരം: കേരളം നടപ്പാക്കിയ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം  ഓരോ സംസ്ഥാനത്തിലെയും കൈത്തറി ഡയറക്ടര്‍മാര്‍ക്ക് ഫെബ്രുവരി 11നു കത്തയച്ചതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൈത്തറിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി നേരത്തേ കേരളത്തിലെത്തി യൂണിഫോം പദ്ധതി വിലയിരുത്തിയിരുന്നു. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കാനും മെച്ചപ്പെട്ട കൂലി നല്‍കാനും കേരളത്തിന് സാധിച്ചെന്ന് ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൈത്തറിത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി സാക്ഷ്യപ്പെടുത്തി.കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിയ പഠന റിപ്പോര്‍ട്ടും കത്തിനൊപ്പമുണ്ട്.

പ്രതിസന്ധിയിലായിരുന്ന കൈത്തറി മേഖലയെ വീണ്ടെടുക്കാനാണ് വ്യവസായ വകുപ്പ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്.  സൗജന്യ കൈത്തറി സ്‌ക്കൂള്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയതിന്റെ ഫലമായി 5,300 ഓളം നെയ്ത്തുതൊഴിലാളികള്‍ക്കും അതിലേറെ അനുബന്ധ തൊഴിലാളികള്‍ക്കും വര്‍ഷം 100 മുതല്‍ 300 വരെ ദിവസങ്ങളില്‍ തൊഴില്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌ക്കൂള്‍ യൂണിഫോം നിര്‍മ്മാണത്തിന്റെ കൂലി ഇനത്തില്‍ 103 കോടി രൂപയും പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് ഇനത്തില്‍ 16.69 കോടി രൂപയും ഈ മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ നല്കിയിട്ടുണ്ട്.മൂന്നു വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി 70 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തു. അടുത്ത അധ്യയന വര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം തുണി വിതരണം ചെയ്യും. 2020 ഏപ്രില്‍ ഒന്നിനു തുടങ്ങി മേയ് 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ട് വരെയും എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുമുള്ള 8.45 ലക്ഷം കുട്ടികള്‍ക്കും ഇതേ ക്ലാസുകളില്‍ പുതുതായി എത്തുന്ന ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കുമാണ് അടുത്ത വര്‍ഷം യൂണിഫോം തുണി ലഭ്യമാക്കുക. ഇതില്‍ 90 ശതമാനം നെയ്തുകഴിഞ്ഞു.