320 പരാതികള്‍ തീര്‍പ്പാക്കി ജില്ല കളക്ടറുടെ അദാലത്ത്

post

ആലപ്പുഴ: ജില്ല കളക്ടര്‍ എം.അഞ്ജനയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 350 പരാതികളില്‍ 320 പരാതികള്‍ തീര്‍പ്പാക്കി. 30 പരാതികള്‍ അപേക്ഷകര്‍ എത്താത്തതിനാല്‍ മാറ്റി വെച്ചു. കുട്ടനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്തില്‍ താലൂക്ക് പരിധിയില്‍ നിന്നുള്ള പരാതികളെല്ലാം ജില്ല കളക്ടര്‍ നേരിട്ട് പരിഗണിച്ചു. റവന്യൂ, തദേശ സ്വയംഭരണം, ലൈഫ് മിഷന്‍, കൃഷി വകുപ്പ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് കളക്ടര്‍ക്ക് ലഭിച്ചത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ബാക്കിയുള്ള 30 പരാതികള്‍ സമയ പരിധി നിശ്ചയിച്ച് അതത് വകുപ്പുകള്‍ക്ക് കൈമാറി. ഇത് അതത് വകുപ്പുകള്‍ പരിഹരിച്ച ശേഷം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. എ.ഡി.എം. വി. ഹരികുമാര്‍, അര്‍.ഡി.ഒ. എസ്. സന്തോഷ് കുമാര്‍, കുട്ടനാട് തഹസില്‍ദാര്‍ ടി.ജെ വിജയസേനന്‍, ഭൂരേഖ തഹസില്‍ദാര്‍ രവീന്ദ്രനാഥ പണിക്കര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.