നേട്ടത്തിന്റെ നിറവില്‍ ജില്ലാ പഞ്ചായത്ത്; തുടര്‍ച്ചയായ രണ്ടാം തവണയും സ്വരാജ് ട്രോഫി

post

തിരുവനന്തപുരം : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി അഭിമാനാര്‍ഹമായ നേട്ടത്തിന്റെ നിറവിലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയ അത്യന്തം ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധയാകര്‍ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വരാജ് ട്രോഫി രണ്ടാം തവണയും കരസ്ഥമാക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഴുവന്‍ പേര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു നന്ദി അറിയിച്ചു. 
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ക്ലാസ്സ്റൂം ലൈബ്രറി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയായ സര്‍ഗ്ഗവായന മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. സമ്പൂര്‍ണ്ണവായന, എ.ബി.സി പ്രോഗ്രാം, സ്നേഹസ്പര്‍ശം, ഹാച്ചറി യൂണിറ്റ്, ജൈവസമൃദ്ധി, വിദ്യാജോതി, സ്നേഹധാര, ക്ഷീരസമൃദ്ധി, ഗ്രീന്‍മില്‍ക്ക് പദ്ധതി, വനജ്യോതി, കൂത്തമ്പലം, വഴിയമ്പലം, ഗ്രന്ഥപ്പുര, പാഥേയം, കേദാരം, സാരഥി, മാനസ, ജലശ്രീ, ദിശ എന്നിങ്ങനെ നൂതനവും ജനക്ഷേമകരവുമായ പല പദ്ധതികളും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.
ജില്ലാപഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൃത്യതയോടെയും സൂക്ഷ്മതയോടെയും മികവാര്‍ന്ന നേതൃപാടവത്തോടെ നടപ്പാക്കിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. മധുവിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഭാ പുരസ്‌കാരം ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും നല്ല ജില്ലാപഞ്ചായത്തിനുള്ള അവാര്‍ഡായ കേന്ദ്ര സര്‍ക്കാരിന്റെ 2017-18 ലെ ദീന്‍ദയാല്‍ ഉപാദ്ധ്യായ ശാക്തീകരണ്‍ പുരസ്‌കാരവും തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് ലഭിച്ചിരുന്നു. രക്ഷ എന്ന പദ്ധതിയിലൂടെ ലോക ഗിന്നസ്സ് റെക്കോഡും 2018ല്‍ കരസ്ഥമാക്കി.