ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവര്‍ദ്ധന സംരംഭം അട്ടപ്പാടിയ്ക്കു സ്വന്തം

post

ഹില്‍ വാല്യു യൂണിറ്റ് ഉദ്ഘാടനം 17 ന്
പാലക്കാട് : സംസ്ഥാനത്തെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവര്‍ദ്ധന സംരംഭം ഹില്‍ വാല്യു ഇനി അട്ടപ്പാടിയ്ക്കു സ്വന്തം. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹില്‍ വാല്യൂ മൂല്യവര്‍ദ്ധന യൂണിറ്റ് ഉദ്ഘാടനം ഫെബ്രുവരി 17 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കും. അഗളി എ.എച്ച്.പ്ലാസയില്‍ നടക്കുന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ അധ്യക്ഷയാകും.
വയലൂര്‍ ഊരു സമിതിയുടെ കീഴിലുള്ള രുശി കൊണ്ടാട്ട യൂണിറ്റിന്റെ മേല്‍നോട്ടത്തിലാണ് ഹില്‍ വാല്യു മൂല്യവര്‍ദ്ധന യൂണിറ്റ് പ്രവര്‍ത്തിക്കുക. ചെറു ധാന്യങ്ങളായ റാഗി, ചാമ, തിന വരഗ്, ചക്ക തുടങ്ങിയ പോഷകാഹാരങ്ങളുടെ മൂല്യവര്‍ദ്ധന യൂണിറ്റായ ഹില്‍ വാല്യു സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേളകളില്‍ 20 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ്  നടത്തിയതായി യൂണിറ്റംഗങ്ങള്‍ അറിയിച്ചു. പൊന്നി, രംഗമ്മ, കവിത, രാജമ്മ, അനിത, പാപ്പ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
ഉദ്ഘാടന പരിപാടിയില്‍ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന കോഡിനേറ്റര്‍ സൈജു പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കുടുംബശ്രീ അംഗം നഞ്ചിയമ്മയെ ഹില്‍വാല്യു സംരംഭകര്‍ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, രത്തിന രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, വാര്‍ഡ് അംഗം പരമേശ്വരന്‍, പഞ്ചായത്ത് സമിതി അംഗങ്ങള്‍, കുടുംബശ്രീ അട്ടപ്പാടി അസി. പ്രൊജക്ട് ഓഫീസര്‍ പി. സെയ്തലവി, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്ട് മാനെജര്‍ വി. സിന്ധു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.