നവകേരളത്തിന് പ്രൊഫഷണലുകളുടെ സഹകരണം ആവശ്യം : മുഖ്യമന്ത്രി

post

കൊച്ചി :ഒരു മേഖലയിലെ മാത്രമല്ല സര്‍വ്വ സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നമുക്ക് ഒരു നവകേരളം സൃഷ്ടിക്കാന്‍ പ്രൊഫഷണലുകളുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുസാറ്റില്‍ നടന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വരും കാലത്ത് ജോലിതേടി പുറത്തു പോകേണ്ടി വരില്ല. നാട്ടില്‍ തന്നെ ജോലി ചെയ്യുന്നതിനുള്ള അവസ്ഥ ഉണ്ടാകും .അതിന് സഹായിക്കുന്ന സ്ഥാപനങ്ങളാണ് ഇപ്പോള്‍ കേരളത്തിലേക്ക് വരാന്‍ പോകുന്നത്. കുറച്ചുനാള്‍ മുമ്പ് കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമാണ് കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത്. നിക്ഷേപം സ്വീകരിക്കാന്‍ ആവശ്യമായ ഒട്ടേറെ  സൗകര്യങ്ങള്‍ സര്‍ക്കാര്‍ അതിനുമുമ്പുതന്നെ ഒരുക്കിയിരുന്നു. ഇതുവരെ നമ്മുടെ നാട്ടിലേക്ക് വന്നിട്ടില്ലാത്ത , ആഗോള ഭീമന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പല കമ്പനികളും കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. സംഘര്‍ഷങ്ങളില്ലാത്ത സമാധാനവും സന്തോഷവും ഉള്ള സംസ്ഥാനമാണ് കേരളം കൂടാതെ നാമെല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്. സാക്ഷരതയില്‍ മാത്രമല്ല നമ്മള്‍ ഉന്നതവിദ്യാഭ്യാസമേഖലയിലും മുന്‍പന്തിയിലാണ്. ഈ അനുകൂല സാഹചര്യങ്ങളാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗോള കമ്പനികളെ പ്രേരിപ്പിക്കുന്നതൈന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയം, നിപാ, കൊറോണ തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നമ്മുടേതായ രീതിയില്‍ നേരിടാനും അതിനെ അതിജീവിക്കാനും നമുക്ക് കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങളടക്കം ഏത് ദുരന്തങ്ങളെ നേരിടുന്നതിനും സന്നദ്ധരായവരുടെ ഒരു നിര ആവശ്യമാണ് അതിന്റെ ഭാഗമായി കേരളത്തില്‍ മൂന്നു ലക്ഷത്തിലധികം വോളണ്ടിയര്‍മാര്‍ ഉള്ള ഒരു സന്നദ്ധ സംഘത്തിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തങ്ങളെ നേരിടാന്‍ ഇവരെ പരിശീലിപ്പിക്കുകയും ദുരന്തമേഖലയില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവസരം ഒരുക്കുകയും ചെയ്യും. ഇതിനുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

കേരളം വലിയൊരു പുനര്‍നിര്‍മ്മിതിയുടെ പാതയിലാണ്.ഇതില്‍ ഏറ്റവും വലിയ പങ്കുവഹിക്കേണ്ടത് നാട്ടിലെ യുവതയാണ്. അതിനാല്‍ നാടിനൊപ്പം യുവജനങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ആരോഗ്യമേഖലയില്‍ അടുത്തകാലത്തായി വലിയ കുതിച്ചു ചാട്ടമാണ് കേരളം നടത്തിയത്.   പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുകയും ഇവിടെ പൂര്‍ണസമയ പരിശോധന സംവിധാനം ഒരുക്കുകയും ചെയ്തു. വിവിധ പരിശോധനകള്‍ക്കായി ലാബ് സൗകര്യവും ഇവിടെ ഒരുക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മുകളിലേക്കുള്ള ആശുപത്രികളുടെ നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ നടപടി ഉണ്ടായി. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ആയി ഉയര്‍ന്നു.

കേരളത്തില്‍ ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരെയുള്ള ബോധവല്‍ക്കരണങ്ങള്‍ സംഘടിപ്പിച്ചു വരികയാണ് യുവാക്കള്‍ ഇതിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലൈഫ് മിഷനിലൂടെ കേരളത്തിലെ ഭവനരഹിതരായ  ലക്ഷം കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കാന്‍ കഴിഞ്ഞത്. ഈ പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ എന്‍ജിനീയറിങ് കോളേജുകളുമായി സഹകരിച്ചിരുന്നു. കേരളത്തിലെ പ്രഫഷണലുകള്‍ ഫലപ്രദമായ സഹായം പദ്ധതിക്ക് നല്‍കി. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വഴിയും അല്ലാതെയും പ്രൊഫഷണലുകള്‍ക്ക് സര്‍ക്കാരുമായി സഹകരിക്കാനും നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കാനും കഴിയും. ജലാശയങ്ങള്‍ വൃത്തിയാക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. 

ഫിഷറീസ് മേഖലയില്‍ പണ്ട് ഒന്നാം സ്ഥാനമായിരുന്നു കേരളത്തിന്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനം മറ്റ് സംസ്ഥാനങ്ങള്‍ കൈയ്യടക്കി. ഗ്രാമപ്രദേശങ്ങളില്‍ അടക്കമുള്ള ജലസംഭരണികള്‍ മത്സ്യം വളര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രൊഫഷണലുകള്‍ ആര്‍ജ്ജിച്ച വൈദഗ്ദ്ധ്യം ഇവിടെ ഉപയോഗിക്കാന്‍ കഴിയും. അത്  സമൂഹത്തിനു വേണ്ടി വിനിയോഗിക്കാന്‍ പ്രൊഫഷണലുകള്‍ തയ്യാറാകണം. 

പാലുല്പാദനത്തില്‍ കേരളത്തിലെ സ്വയം പര്യാപ്തതയിലെത്തിക്കാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വെറ്റിനറി മേഖലയിലെ വിദഗ്ധര്‍ നല്‍കണം. ആവശ്യമായ വൈക്കോല്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ഇതിനു പരിഹാരമായി തീറ്റപ്പുല്‍ വളര്‍ത്തിയെടുക്കണം. കോഴിവളര്‍ത്തലും വ്യാപകമാക്കണം. 

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും പ്രൊഫഷണലുകള്‍ ശ്രമിക്കണം. ഒരു കോടി വൃക്ഷത്തൈകള്‍ ആണ് സംസ്ഥാനത്ത് ഈ വര്‍ഷം വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.ഈ പദ്ധതിയുടെ ഭാഗമായി യുവാക്കള്‍ കൂടെ നില്‍ക്കണം. ഐറ്റി, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലെ പ്രൊഫഷണലുകള്‍ക്കും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കേരളം പൂര്‍ണമായി ഡിജിറ്റല്‍ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്.  ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഈ സൗകര്യം എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. അതിനാവശ്യമായ പരിശീലനം നല്‍കുന്നതിന് പ്രൊഫഷണല്‍ പങ്കുവയ്ക്കണം.