മിസ്രി പള്ളിയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

post

മലപ്പുറം: സര്‍ക്കാരിന്റെ ബൃഹത് പദ്ധതിയായ മുസിരിസ് പൈതൃകപദ്ധതിയിലുള്‍പ്പെടുത്തി  പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട മിസ്രി പള്ളിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഹെറിറ്റേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപികൃതമായ പദ്ധതിയാണ് മുസിരിസ് പൈതൃക പദ്ധതി.

പൊന്നാനി മിസ്രി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം  മിസ്രി പളളിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മിസ്രി പള്ളി സ്വാതന്ത്യസമരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മുസ്‌രിസ് പദ്ധതിയിലൂടെ നമ്മുടെ പൈതൃകത്തെയും സംസ്‌കാരത്തെയും നില നിര്‍ത്താനും വരും തലമുറക്ക് പകര്‍ന്നു നല്‍കാനും കഴിയും. സ്വതന്ത്ര സമര ചരിത്രത്തിലെ രക്തസാക്ഷികളുടെ ഖബര്‍ നിലകൊള്ളുന്നയിടമാണ് മിസ്രി പള്ളിയെന്നും സ്പീക്കര്‍ പറഞ്ഞു.   പൊന്നാനിയുടെ എല്ലാ ചരിത്ര സംസ്‌കാരങ്ങളെയും പ്രൗഢിയോടെ കാത്തു സൂക്ഷിക്കുമെന്നും വരും തലമുറയ്ക്ക് നല്‍കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തെ സംരക്ഷിച്ച് പൊന്നാനി

പറങ്കിപ്പടയോട് നടത്തിയ ഏറ്റുമുട്ടലിനോളം 500 വര്‍ഷം പഴക്കമുള്ള മിസ്രി പളളിയെ മുസരിസ് പദ്ധതിയിലൂടെ ചേര്‍ത്തുവെയ്ക്കുകയാണ് പൊന്നാനി. പോര്‍ച്ച്ഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ സാമൂതിരി പൊന്നാനിയിലെത്തി സൈനുദ്ദീന്‍ മഖ്ദൂമിനെ കണ്ടതും മഖ്ദൂമിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൈന്യം പൊന്നാനിയിലെത്തി പറങ്കിപ്പടയോട് ഏറ്റുമുട്ടുകയും ചെയ്തതാണ് ചരിത്രം.

ഈജിപ്തില്‍ നിന്നു വന്ന പടയാളികള്‍ തമ്പടിച്ച പ്രദേശത്താണ് മിസ്രിപള്ളി നിര്‍മിച്ചിരിക്കുന്നത്. ഈജിപ്തുകാരെ മിസ്‌രികള്‍ എന്ന് വിളിക്കുന്നതിനാലാണ് പള്ളിക്ക് മിസ്രി പള്ളി എന്ന പേര് വന്നതെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരി പോരാട്ടം നയിക്കുന്ന സമയത്തെ പട്ടാളക്കാരുടെ പ്രധാന ഇടവും മിസ്രിപ്പള്ളിയായിരുന്നുവെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്. പോരാട്ടത്തില്‍ രക്ത സാക്ഷിത്വം വരിച്ച പടയാളികളുടെ ഖബറിടങ്ങള്‍ മിസ്രി പളളിയിലും തൊട്ടടുത്ത പള്ളിയിലുമാണുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിയെ മുസ്‌രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയകാല തനിമയോടെ പള്ളിയെ പുനരുദ്ധാരണം ചെയ്യുന്ന നടപടികള്‍ക്ക് ഇതോടെ തുടക്കമാകുകയാണ്. പദ്ധതിക്കായി  സര്‍ക്കാര്‍ 85 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.