കടല്‍ - കായല്‍ ടൂറിസം വികസനം: ഒറീസയും കേരളവും ധാരണാപത്രം ഒപ്പിട്ടു

post

കൊച്ചി: ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി കടല്‍-കായല്‍ ടൂറിസം വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. വാട്ടര്‍ സ്‌പോര്‍ട്‌സ് , അഡ്വഞ്ചര്‍ ആക്ടിവിറ്റികള്‍ക്കും , ഹൗസ്‌ബോട്ട് നിര്‍മിക്കുന്നതിനും ഒറീസയിലെ ജല ടൂറിസം വികസിപ്പിക്കുന്നതുമാണ് പദ്ധതികള്‍. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫ്‌ലോട്ടിങ് റെസ്റ്റോറന്റ്കള്‍ നിര്‍മ്മിക്കും.  കോര്‍പറേഷന്‍ എം.ഡി പ്രശാന്ത് നായരും ഒറീസ ടൂറിസം കമ്മീഷണര്‍ വിശാല്‍ ദേവും ധാരണാപത്രത്തില്‍ ഒപ്പു വച്ചു.

കേരള ഷിപ്പിംഗ് ഇന്‍ലാണ്ട് നാവിഗേഷന്‍ കോര്‍പറേഷന്റെ സാങ്കേതിക മികവാണ് ഒറീസ സര്‍ക്കാരിനെ ആകൃഷ്ടരാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചെയര്‍മാനുമായ വിശ്വാസ് മേത്തയുടെയും  നിര്‍ദ്ദേശപ്രകാരം കോര്‍പറേഷനെ പുതിയ വികസനത്തിന്റെ പാതയില്‍ എത്തിക്കുന്നതിനുകൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കോര്‍പറേഷന്റ സാങ്കേതിക മികവ് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും എത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനുള്ള വിജയം കൂടി ആണ് ഒറീസയിലെ ധാരണാപത്രം.  ഒറീസ്സ ടൂറിസം  മന്ത്രി  ജ്യോതിപ്രകാശ് പാണിഗ്രഹിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. ഒറീസ ടൂറിസത്തിന്റെ വികസനത്തില്‍ കേരളത്തിന്റെ അനുഭവസമ്പത്ത്  മുതല്‍കൂട്ടാവുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.