വയോജന ക്ഷേമത്തിന് ചുനക്കരയില്‍ വയോജനവാടി

post

ആലപ്പുഴ: വയോജനങ്ങള്‍ക്ക് ഒത്തുകൂടാനൊരിടം എന്ന ലക്ഷ്യത്തോടെ ചുനക്കര ഗ്രാമപഞ്ചായത്തില്‍ വയോജനവാടി ആരംഭിച്ചു. പ്രായമായവര്‍ക്ക് സമപ്രായക്കാരോടൊപ്പം ഒത്തുകൂടി സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, ആരോഗ്യ സംരക്ഷണവും പോഷകാഹാരവും മാനസികോല്ലാസവും ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി. നാലാം വാര്‍ഡ് സ്‌നേഹവീടിനു സമീപം പഞ്ചായത്തുവക  സ്ഥലത്താണ് വയോജനവാടി നിര്‍മ്മിച്ചത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവര്‍ത്തന സമയം.
കസേര, ഫാന്‍, വായനശാല, കാരംസ് ബോര്‍ഡ്, ചെസ്സ് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പോക്ഷക സമൃദ്ധ ഭക്ഷണവും ഇവിടെ നിന്നു ലഭിക്കും.പഞ്ചായത്തിലെ സ്‌കൂളുകളിലെ എന്‍.എസ്.എസ്, എന്‍. സി.സി വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കും.
ചുനക്കര ഗ്രാമപഞ്ചായത്ത് 2019 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ 12.5ലക്ഷം രൂപയും ചുനക്കര ഗ്രാമപഞ്ചായത്തിന്റെ 80,000 രൂപയും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടരലക്ഷം രൂപയും പഞ്ചായത്ത് വകയിരിത്തിയിട്ടുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്യ്തു. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം വിശ്വം പടനിലം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.