മുഖം മിനുക്കി അടിമാലി പോലീസ് സ്റ്റേഷന്‍

post

ഇടുക്കി : പോലീസ് സേനക്കൊപ്പം പോലീസ് സ്റ്റേഷനുകളും കൂടുതല്‍ ജനകീയമാകുകയാണ്. അടിമാലി ജനമൈത്രി പോലീസ് സ്റ്റേഷനും ഇത്തരത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് സ്റ്റേഷനും പരിസരവും ആകെ മാറി കഴിഞ്ഞു. റിസപ്ഷന് തൊട്ടുമുകളില്‍ സ്റ്റേഷന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റല്‍ നോട്ടീസ് ബോഡാണ് ശ്രദ്ധേയം.സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആരൊക്കെ ,ഫോണ്‍ നമ്പരുകള്‍, മറ്ററിയിപ്പുകള്‍ എല്ലാം ഡിജിറ്റല്‍ ബോര്‍ഡില്‍ നിന്നും വായിച്ചെടുക്കാം.സ്റ്റേഷന്‍ കവാടവും മതിലുകളും വിവിധ ചിത്രങ്ങള്‍ തീര്‍ത്ത് മനോഹരമാക്കിയിട്ടുണ്ട്.
പൂന്തോട്ടത്തിന്റെയും ഡിജിറ്റല്‍ ബോഡിന്റെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി പി കെ മധു നിര്‍വ്വഹിച്ചു.  പൊതുജനങ്ങള്‍ക്കിടയില്‍ പോലീസ് സ്റ്റേഷന്‍ സംബന്ധിച്ച് നില്‍ക്കുന്ന ഭയം ഒഴിവാക്കുന്നതിനും സ്റ്റേഷന്റെ സേവനത്തെപ്പറ്റി  ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുതിയ നടപടി. പൂന്തോട്ടവും വര്‍ണ്ണ ചിത്രങ്ങളുമെല്ലാം അടിമാലി സ്റ്റേഷനെ കൂടുതല്‍ ജനകീയമാക്കുമെന്ന് മൂന്നാര്‍ ഡിവൈഎസ്പി എം രമേശ് കുമാര്‍ അഭിപ്രായപ്പെട്ടു. ഗതാഗത ബോധവല്‍ക്കരണം,കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ തുടങ്ങി വിവിധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് സ്റ്റേഷന്‍ മതിലില്‍ വരച്ച് ചേര്‍ത്തിട്ടുള്ളത്.വൈകാതെ സ്റ്റേഷനോട് ചേര്‍ന്ന് ചൈല്‍ഡ് ഫ്രണ്ട്‌ലി റൂമും പ്രവര്‍ത്തന സജ്ജമാകും. സ്റ്റേഷനോട് ചേര്‍ന്ന് നാളുകള്‍ക്ക് മുമ്പെ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍മ്മിച്ചിട്ടുള്ള മീന്‍ കുളവും ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ്.