ഇ എസ് ഐ മേഖലയില്‍ കൂടുതല്‍ ആശുപത്രികളും ആധുനിക സംവിധാനങ്ങളും മന്ത്രി ടി പി രാമകൃഷ്ണന്‍

post

 കൊല്ലം:  ഇ എസ് ഐ മേഖലയില്‍ വിവിധ ജില്ലകളില്‍ പുതിയ ഡിസ്‌പെന്‍സറികളും ആധുനിക സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. കുലശേഖരപുരം ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചില ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കൂടുതല്‍ ഡിസ്‌പെന്‍സറികളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ആധുനിക സംവിധാനങ്ങളും ഉറപ്പുവരുത്തും. പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ പദ്ധതിക്കൊപ്പം ആരോഗ്യ സുരക്ഷയ്ക്കും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3.5 ലക്ഷം തൊഴിലാളികളുടെ വര്‍ധനവാണ് ഇ എസ് ഐ യില്‍ ഉണ്ടായത്.
സംസ്ഥാനത്തെ ഒന്‍പത് ഇ എസ് ഐ ആശുപത്രികളില്‍ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റുകളും ആറ് ആശുപത്രികളില്‍ അടിയന്തര ഐ സി യു സംവിധാനങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. തൊഴില്‍ജന്യ രോഗങ്ങളുടെ വ്യാപനം തടയാന്‍ പ്രത്യേക ശ്രദ്ധ നല്‍കും.  ആരോഗ്യകരമായ തൊഴിലിടങ്ങള്‍ക്കായി  ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, തൊഴില്‍ വകുപ്പ് എന്നിവ സംയുക്തമായി തൊഴില്‍ജന്യരോഗ സര്‍വ്വേകള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. 466 തൊഴില്‍ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്ക് ഉപയോഗപ്രദമായ രീതിയിലാണ് കുലശേഖരപുരത്തെ ഇ എസ് ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. എ എം ആരിഫ് എം പി മുഖ്യാതിഥിയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ അനില്‍ എസ് കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി കെ ശ്രീദേവി, വാര്‍ഡ് മെമ്പര്‍ സുജിത നാസര്‍, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ എം എസ് ഗീത ദേവി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.