നിബന്ധനകള്‍ പാലിച്ച് മാത്രം കുടിവെള്ളം വിതരണം നടത്തണം: ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

post

തിരുവനന്തപുരം:സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവ പാലിച്ച് മാത്രമേ കുടിവെള്ളം വിതരണം ചെയ്യാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ടാങ്കിലും വിതരണം നടത്തുന്നവര്‍ നിശ്ചിത ലൈസന്‍സ് എടുക്കണം. ഓരോ വാഹനത്തിന്റേയും നമ്പര്‍ രേഖപ്പെടുത്തിയാണ് ലൈസന്‍സ് എടുക്കേണ്ടത്. വാടകയ്ക്ക്് ഉപയോഗിക്കുന്നവയ്ക്കും ഇതു ബാധകമാണ്.

കുടിവെള്ളം എന്ന് വാഹനങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. അല്ലാത്തവയില്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളം എന്നാണ് രേഖപ്പെടുത്തേണ്ടത്. ലൈസന്‍സ് നമ്പറും പ്രദര്‍ശിപ്പിക്കണം.

ക്ലോറിന്‍ ടെസ്റ്റ് കിറ്റും അത് ഉപയോഗിക്കാന്‍ അറിയുന്ന ഒരാളും വാഹനത്തിലുണ്ടാകണം. ടാങ്കറുകളുടെ ഉള്‍വശത്ത് അനുവദനീയ കോട്ടിംഗാണ് ഉപയോഗിക്കേണ്ടത്. ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്്തിരിക്കണം. വിതരണത്തിന് ഉപയോഗിക്കുന്ന ഹോസുകള്‍, പമ്പുകള്‍ തുടങ്ങിയവയും അണുവിമുക്തമാക്കണം.

കുടിവെള്ളം ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കി വേണം വിതരണം ചെയ്യാന്‍. ജല അതോറിറ്റി ഒഴികെയുള്ള സ്രോതസുകള്‍ക്ക് എഫ്.ബി.ഒ ലൈസന്‍സ് വേണം. ലൈസന്‍സ് ഉള്ള ഇടങ്ങളില്‍ നിന്ന് മാത്രമേ വെള്ളം ശേഖരിക്കാവൂ. സ്രോതസുകളിലെ ജലം സുരക്ഷിതമാണെന്ന്് ആറു മാസത്തിലൊരിക്കല്‍ സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും വേണം.

വാഹനങ്ങളിലും അവയില്‍ ഘടിപ്പിച്ച ടാങ്കറുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ്, കുടിവെള്ളം സുരക്ഷിതമാണെന്ന അംഗീകൃത ലാബ് റിപ്പോര്‍ട്ട്, ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം.

സ്രോതസിന്റെ ലൈസന്‍സ്, വിവരങ്ങള്‍, വിതരണം നടത്തുന്ന സ്ഥലങ്ങള്‍, ശുചിത്വം സംബന്ധിച്ച രേഖകള്‍ എന്നിവയും വാഹനത്തില്‍ സൂക്ഷിക്കണം. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്ന് മാത്രം വെള്ളം വാങ്ങാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫഌറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റു സംരംഭകര്‍ എന്നിവര്‍ വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. സ്രോതസ്, വാങ്ങുന്ന വെള്ളത്തിന്റ അളവ്, വിതരണക്കാരന്റെ ലൈസന്‍സ് വിവരങ്ങള്‍, കരാറിന്റെ പകര്‍പ്പ് എന്നിവയും സൂക്ഷിക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ  1800 425 1125 ല്‍ ബന്ധപ്പെടാം.