കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

post

കാസര്‍ഗോഡ് : കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ (13) വൈകിട്ട് അഞ്ചു മണിക്ക് കാഞ്ചിയാര്‍ പള്ളിക്കവലയില്‍ നടക്കുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി  നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.സി.ബിജു അധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. സ്ഥാപക പ്രസിഡന്റ് വി.കെ.നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണിയും ഫോട്ടോ അനാച്ഛാദനം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജനും നിര്‍വഹിക്കും. മുന്‍ എം.പി.അഡ്വ. ജോയ്‌സ് ജോര്‍ജ് കോണ്‍ഫറന്‍സ് ഹാളും വി.ആര്‍.ശശി നവീകരിച്ച വളം ഡിപ്പോയും ഉദ്ഘാടനം ചെയ്യും. ജോയിന്റ് റജിസ്ട്രാര്‍ ജനറല്‍ എസ്.ഷേര്‍ളി ഡിപ്പോസിറ്റ് സ്വീകരിക്കും. ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ്  നവീകരിച്ച കൗണ്ടര്‍ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്തംഗങ്ങള്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1961ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന് ഇപ്പോള്‍ 16469 അംഗങ്ങളും 1.40 കോടി രൂപയുടെ ഓഹരിയും 22.31 കോടി രൂപയുടെ നിക്ഷേപവും 49.17 കോടി രൂപയുടെ നില്‍പ് വായ്പയും ഉണ്ട്. 25 ശതമാനം ലാഭവിഹിതവും നല്‍കുന്നു. ഹെഡ് ഓഫിസ് കൂടാതെ കാഞ്ചിയാര്‍, സ്വരാജ്, ലബ്ബക്കട എന്നിവിടങ്ങളില്‍ ശാഖകളും 10 ജീവനക്കാരുമുണ്ട്. സഹകാരികള്‍ക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം പ്രയോജനപ്പെടുമെന്ന് ബാങ്ക്  പ്രസിഡന്റ് കെ.സി.ബിജു പറഞ്ഞു.