പൂക്കോട്ടുകാവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ രണ്ട് റോഡുകള്‍ തുറന്നു

post

പാലക്കാട് :  ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 2019- 20 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. 11-ാം വാര്‍ഡ് മുന്നൂര്‍ക്കോട് നായാടി കോളനി റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് 3.4 ലക്ഷം രൂപയും വകയിരുത്തിയിരുന്നു.
12ാം വാര്‍ഡ് ഓടാട്ടില്‍ കോളനി പരിസരത്ത് കനാല്‍ റോഡില്‍ നിന്നാരംഭിച്ച് തൊങ്ങത്ത് പാറ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ആറു ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
പദ്ധതി പ്രദേശങ്ങളില്‍ നടന്ന ഉദ്ഘാടനപരിപാടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ടി. കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ബീന, മുന്‍ വൈസ് പ്രസിഡന്റ് ഹരിശങ്കര്‍ മുന്നൂര്‍ക്കോട്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതിയംഗം കെ.അജിത് കുമാര്‍, മെമ്പര്‍ രതി മോള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.സിത്താര പങ്കെടുത്തു.