സംസ്ഥാനത്ത് ആദ്യമായി പെരിന്തല്‍മണ്ണയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ഹോസ്റ്റല്‍

post

നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

മലപ്പുറം : പെരിന്തല്‍മണ്ണ നഗരസഭ രജതജൂബിലി മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി വനിതാ വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന വനിതാ ഹോസ്റ്റല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. നഗരസഭയുടെ എരവിമംഗലം മേലേപറമ്പ് കോളനിയിലെ 50 സെന്റ് സ്ഥലത്ത് എട്ട് കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ മികച്ച സൗകര്യങ്ങളോട് കൂടി 80 പേര്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ഹോസ്റ്റലിന്റെ നിര്‍മ്മാണം.

വിവിധ തരത്തിലുള്ള 12 റൂമുകളും, എട്ട് ഡോര്‍മെട്രികളും, ഗസ്റ്റ്‌റൂം, അടുക്കള, തുടങ്ങിയ അനുബന്ധ സൗകര്യങ്ങളോടു കൂടിയാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍  നിന്നും പെരിന്തല്‍മണ്ണയിലെത്തി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ഒരുക്കുക എന്നതാണ്  ഹോസ്റ്റല്‍ നിര്‍മ്മാണത്തിലൂടെ വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.ജൂണ്‍ മാസത്തോടെ ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം.