പുതുവര്‍ഷത്തില്‍ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

post

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവര്‍ഷപുലരിയില്‍ തുടക്കമായി. ഫാക്ടറിയിലെ ആകെയുളള ആറു പ്ലാന്റുകളിലെ പേപ്പര്‍ മെഷീന്‍, പള്‍പ്പ് റീസൈക്ലിംഗ്, പവര്‍ ബോയിലര്‍ - ടര്‍ബൈന്‍ ജനറേറ്റര്‍ എന്നീ മൂന്നു പ്ലാന്റുകളിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് ആരംഭിച്ചത്. 105 തൊഴിലാളികളാണ് ഇന്നലെ ജോലിയില്‍ പ്രവേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നടത്തിപ്പും ചുമതലയും വ്യവസായവകുപ്പ് സെക്രട്ടറിയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായുമായ എ.പി.എം. മുഹമ്മദ് ഹനീഷും കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസും സ്‌പെഷല്‍ ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണനും അടങ്ങുന്ന മൂന്നംഗ ബോര്‍ഡിനാണ്.

നാലു ഘട്ടങ്ങള്‍ക്കുശേഷം 2700 കോടി വിറ്റുവരവില്‍ വര്‍ഷം അഞ്ചു ലക്ഷം മെട്രിക് ടണ്‍ പേപ്പര്‍ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് വിഭാഗങ്ങളിലെ നവീകരണത്തിനായി 34.3 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് ഇറക്കുമതി ചെയ്ത പള്‍പ്പും പ്ലാന്റില്‍ തന്നെ റീസൈക്കിള്‍ ചെയ്ത പള്‍പ്പുമുപയോഗിച്ച് വ്യാവസായിക ഉല്‍പാദനം ആരംഭിക്കും. മാര്‍ച്ചോടെ രണ്ടാംഘട്ടം ആരംഭിക്കും. മെക്കാനിക്കല്‍, കെമിക്കല്‍ പള്‍പ്പുകളുടെ ഉല്‍പ്പാദനം ത്വരിതപ്പെടുത്തി മറ്റു പ്ലാന്റുകളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കും. പത്രപേപ്പറുകളും നോട്ടുബുക്ക്, ടെക്്സ്റ്റ് ബുക്കുകള്‍ക്കാവശ്യമായ പേപ്പറുകളുമാണ് പ്രാഥമികമായി ഉല്‍പ്പാദിപ്പിക്കുക. മൂന്നാംഘട്ടത്തില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുകയും ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. പെര്‍ഫ്യൂമുകളുടെ ബോട്ടിലുകള്‍ക്കും കേക്ക് കവറിംഗിനും ഉപയോഗിക്കുന്ന പ്രീമിയം ഗ്രേഡ് പേപ്പര്‍ ബോര്‍ഡുകളുടെ ഉല്‍പാദനമടക്കം ആരംഭിക്കും. 27 മാസംകൊണ്ട് അവസാനിക്കുന്ന മൂന്നാംഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് 650 കോടി രൂപയാണ് മുടക്കുമുതല്‍ പ്രതീക്ഷിക്കുന്നത്. 17 മാസം കാലയളവുള്ള നാലാംഘട്ടത്തില്‍ 350 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. പ്ലാന്റിലെ ഉല്‍പ്പാദനത്തോത് കൂട്ടുന്നതിനും ഉല്‍പ്പന്ന വൈവിദ്ധ്യവത്കരണത്തിന്റേയും ഭാഗമായി നിലവിലുള്ള യന്ത്രങ്ങള്‍ നവീകരിച്ച് കാര്‍ട്ടണ്‍ ബോക്‌സിനും പാക്കിംഗിനും ഉപയോഗിക്കുന്ന കട്ടികൂടിയ ബ്രൗണ്‍ ക്രാഫ്റ്റ് പേപ്പറുകള്‍ നിര്‍മ്മിച്ചു തുടങ്ങും. നാലാംഘട്ടത്തോടെ പൂര്‍ണതോതിലുള്ള ഉല്‍പാദനം കൈവരിക്കും.

ദേശീയ കമ്പനി നിയമ ട്രിബ്യൂണലില്‍ സമര്‍പ്പിച്ച റസല്യൂഷന്‍ പ്‌ളാന്‍ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്‍പ്പെടെയുള്ള 145.60 കോടി രൂപയുടെ ബാധ്യത തീര്‍ത്താണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളം എച്ച്.എന്‍.എല്‍ ഏറ്റെടുത്തത്.